കാബൂളിലെ പള്ളിയിൽ സ്ഫോടനം; മരിച്ചവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്
അഫ്ഗാനിന്റെ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ സ്ഫോടനം. സ്ഫോടനം നടന്നത് കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ പള്ളിയിലാണ്. സ്ഫോടനം ഇന്നലെ വൈകുന്നേരം പ്രാര്‍ത്ഥനക്കിടെയായിരുന്നു. 20 പേരോളം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 35 പേരില്‍ കൂടുതല്‍ പരിക്കേറ്റവരൊ കൊല്ലപ്പെട്ടവരൊ ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ സേന വടക്കന്‍ കാബൂളില്‍ എത്തിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
സിദ്ദിഖി പള്ളിയിലെ ഇമാമും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. കാബൂളിലെ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പ്രമുഖ താലിബാന് അനുകൂല പുരോഹിതന് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സ്ഫോടനം. മുൻപ് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
ഇനിയും സ്ഫോടനത്തിന് ഇരയായവരുടെ എണ്ണം ഉയരാമെന്നാണ് സൂചന. ഇന്റലിജന്‍സ് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. താലിബാന് സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിക്കാനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചിട്ടില്ല. ജനാലകളുടെ ചില്ലുകള്‍ തകരുന്ന ശബ്ദം കേട്ടുകൊണ്ടാണ് സംഭവസ്ഥലത്തെത്തിയതെന്ന് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ മൂന്ന് മരണങ്ങളാണ് കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ എന്‍ജിഒ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ പ്രകാരം സ്ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് കുട്ടികളും ഇതിൽ ഉള്‍പ്പെടുന്നു.
Content Highlights – kabul bomb blast, injured, dead