നിയമപരമായി പ്രായപൂർത്തിയായില്ലെങ്കിലും മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്ന് ഡൽഹി ഹൈക്കോടതി
നിയമപരമായി പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായാൽ രക്ഷകർത്താക്കളുടെ സമ്മതമില്ലാതെ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്ന് ദില്ലി ഹൈക്കോടതി. മുസ്ലിം പെൺകുട്ടി മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് വിവാഹിതയായ സംഭവത്തിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷണം നടത്തിയത്. മുസ്ലിം നിയമ പ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് 25കാരനെ വിവാഹം ചെയ്യുമ്പോൾ പെൺകുട്ടിക്ക് നിയമപ്രകാരം പ്രായപൂർത്തിയായിരുന്നില്ലെന്നും 15 വയസ്സ് മാത്രമാണ് പ്രായമെന്നും പെൺകുട്ടിയുടെ കുടുംബവും പൊലീസും കോടതിയെ അറിയിക്കുകയായിരുന്നു എന്നാൽ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ ആധാർ കാർഡിലാകട്ടേ പെൺകുട്ടിക്ക് 19 വയസ്സാണ് പ്രായം. ശരിഅത്ത് നിയമത്തിൽ ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയായെന്ന് അനുമാനമുണ്ടെന്നും ഇവർ വാദിച്ചു.
തുടർന്ന് മുഹമ്മദീയ നിയമമനുസരിച്ച്, പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും 18 വയസ്സിന് താഴെയാണെങ്കിൽ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ഉത്തരവിൽ ജസ്റ്റിസ് സിംഗ് പറഞ്ഞു. യുവാവിനെതിരെ പോക്സോ ചുമത്തണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. എന്നാൽ ഈ കേസിൽ പോക്സോ ചുമത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രണയിക്കുകയും മുഹമ്മദീയ നിയമപ്രകാരം വിവാഹിതരായ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തതിനാൽ ഈ സംഭവത്തിൽ പോക്സോ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ പെൺകുട്ടിയെ ഭർത്താവിനൊപ്പം വിടാനും കോടതി ഉത്തരവിട്ടു.