ഫാസിലിന്റെ കൊലപാതകികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്;
നിരോധനാജ്ഞ ആഗസ്റ്റ് ആറ് വരെ നീട്ടി
കഴിഞ്ഞ ദിവസങ്ങളിൽ തുടര്‍ കൊലപാതകങ്ങള്‍ നടന്ന ബെല്‍ത്തങ്ങടി, സുള്ള്യ, കഡബ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറ് വരെ നീട്ടി. വ്യാപാര സ്ഥാപനങ്ങള്‍ വൈകീട്ട് ആറ് മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല. മംഗളൂരു കമ്മിഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ തിങ്കളാഴ്ച വരെയും നീട്ടി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വാഹന പരിശോധന ഇന്നും തുടരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
അതേസമയം, സൂറത്കല്‍ ഫാസില്‍ വധക്കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ പറഞ്ഞു. 15ഓളം പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൊലപാതകം നടന്ന് ഒരുദിവസത്തിലേറെ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് പോലീസിന് ഒരു സൂചനപോലും ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
കൊല്ലപ്പെട്ട ഫാസിലിന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. വെള്ളിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പോലീസ് ജാഗ്രതയിലാണ്. സൂറത്ത്കല്‍ മേഖലയില്‍ വെള്ളിയാഴ്ച കടകളെല്ലാം അടപ്പിച്ച പോലീസ് കടുത്ത ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി.
സുള്ള്യയില്‍ ദിവസങ്ങള്‍ക്കു മുന്നെ നടന്ന മറ്റ് രണ്ട് കൊലപാതകങ്ങളുമായി ഫാസിലിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യം പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. അതേസമയം ജൂലായ് 26-ന് സുള്ള്യ ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയില്ലെന്ന് എസ്.പി. ഋഷികേശ് സോണാവാണെ പറഞ്ഞു.
കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ശനിയാഴ്ച മുതലുള്ള മൂന്നുദിവസം വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. രാജേന്ദ്ര ഉത്തരവിട്ടു. ആസ്പത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങി അത്യാവശ്യ വിഭാഗങ്ങളൊഴികെ മറ്റെല്ലാം അടച്ചിടും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ വിവരം പോലീസിനെ ബോധ്യപ്പെടുത്തണം.
ശനിയാഴ്ച ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസില്‍ സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. വിവിധ മത, സംഘടന, രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
Content Highlights – Mangalore Fazil Murder Case