ടൊറന്റോ മാസ്റ്റേഴ്സ് ടെന്നീസില്‍ സെറീനയ്ക്ക് തോല്‍വി
സെറീന വില്യംസ് ഡബ്ല്യുടിഎ ടൊറന്റോ മാസ്റ്റേഴ്സ് ടെന്നീസില്‍ നിന്ന് പുറത്തായി. വനിതാ സിംഗിൾസിൽ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിസാണ് സെറീനയെ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബെലിൻഡയുടെ ജയം. സ്കോർ: 6-2, 6-4. നീണ്ട ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീനയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 40 കാരിയായ സെറീനയുടെ അവസാന ടൊറന്റോ മാസ്റ്റേഴ്സ് ടൂർണമെന്റാണിത്. കണ്ണീരോടെയാണ് സെറീന കോർട്ട് വിട്ടത്.
ഈ മാസം അവസാനം ആരംഭിക്കുന്ന യുഎസ് ഓപ്പണിലൂടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് സെറീന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സെറീന ലോകത്തിലേറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ മാർഗരറ്റ് കോർട്ടാണ് സെറീനയ്ക്ക് മുന്നിൽ. യുഎസ് ഓപ്പൺ കിരീടം നേടിയാൽ സെറീനയ്ക്ക് ഈ നേട്ടത്തിനൊപ്പമെത്താം.