മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം ; വിമതരെ വിമർശിച്ച് ശിവസേന മുഖപത്രം സാമ്ന
മുംബൈയിൽ രാഷ്ടീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ശിവസേനയിൽ നിന്ന് വിട്ടുപോയവരെ വിമർശിച്ച് പാർട്ടി മുഖപത്രമായ സാമ്ന. ഏക്നനാഥ് ഷിൻഡെ ഉൾപ്പടെയുള്ളവർ പാർട്ടിയോട് സത്യസന്ധത പുലർത്തിയില്ല. ഇത്രയും നാൾ സേനക്കൊപ്പം നിന്നിട്ട് നിർണായഘട്ടത്തിൽ പാർട്ടിയെ ഉപേക്ഷിച്ചുപോയ ചതിയൻമാരാണ് വിമതരെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
ബി ജെ പിക്ക് രാഷ്ട്രീയ മാന്യതയില്ലെന്ന് സാമ്ന മുഖപ്രസംഗത്തിൽ പറയുന്നു. സി ബി ഐ അന്വേഷണവും ഇ ഡി പരിശോധനയും ഭയന്നാണ് ഏക്നാഥ് ഷിൻഡെ ബി ജെ പിക്കൊപ്പം നിൽക്കുന്നതെന്നാണ് ശിവസേന പറയുന്നത്. ചതിയൻമാരുടെ കൂട്ടമാണ് ബി ജെ പിയെ നയിക്കുന്നതെന്നും മുഖപ്രസംഗത്തിലുണ്ട്.
മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി തുടരുകയാണ്. പലഭാഗത്തായി തിരിക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്. മന്ത്രിസഭാ വികസനത്തെ കുറിച്ചുള്ള ചർച്ചകളാണ് ഏറ്റവും പ്രധാനം. പുനഃസംഘടനക്ക് തയ്യാറാണെന്ന കാര്യം മഹാവികാസ് അഖാഡി സഖ്യം വിമതരെ അറിയിക്കും. ബി ജെ പിയെ ശിവസേന പിന്തുണക്കണം എന്ന ആവശ്യത്തിൽ തന്നെയാണ് വിമതർ. മൂന്ന് എം എൽ എ മാർ കൂടി വിമത ക്യാമ്പിലെത്തിയതോടെ കൂറ്മാറ്റ നിരോധന നിയമത്തെ മറികടക്കാൻ ഷിൻഡെക്കും കൂട്ടർക്കുമാവും.
രാജിവെക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കരെ അതി വൈകാരികമായി പ്രഖ്യാപിച്ചിട്ടും വിമത എം എൽ എ മാർ ചർച്ചകൾക്കെത്തിയില്ല.മന്ത്രിസഭാ പുനഃസംഘടന നടക്കുമ്പോൾ ഷിൻഡെയെ മുഖ്യമന്ത്രി ആക്കാമെന്ന വാഗ്ദാനം വരെ മഹാവികാസ് അഖാഡി മുന്നോട്ട് വെക്കുന്നു. കോവിഡ് ചികിത്സയിലാണെങ്കിലും മുഖ്യമന്ത്രി പദവി ഒഴിയാമെന്ന് പറഞ്ഞതിന് പിന്നാലെ ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ വഡഷയിൽ നിന്ന് താമസം മാറി.
വിമതർ തന്നോട് നേരിട്ട് സംസാരിക്കണമെന്ന് ഉദ്ധവ് താക്കറെയുടെ നിലപാടിൽ മാറ്റമില്ല. ശിവസേന എൻ സി പി-കോൺഗ്രസ് കൂട്ടുകെട്ട് അവസാനിപ്പിച്ച് ബി ജെ പിയെപിന്തുണക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വിമതർ. ഷിൻഡെക്കൊപ്പമുള്ളവരുടെ എണ്ണം 37 ആയതോടെ കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള സംഖ്യയിലെത്തി. ഇനി വിമതരുടെ നീക്കം ഏറെ നിർണായകമാണ്.
Content Highlights: Sssmana on rebel move on Shiv sena