പ്രിസണ്‍ ഓഫീസറുടെ കാല് ചവിട്ടിയൊടിച്ചു; അതിസുരക്ഷാ ജയിലിലെ അസി.പ്രിസണ്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്
അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിസൺ ഓഫീസറെ ദേഹോപദ്രവം ചെയ്ത അസി. പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ. തൃശൂർ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ അസി. പ്രിസണ്‍ ഓഫീസറായ കെ രാജേഷിനെയാണ് സസ്പെന്‍ഡ് ചെയതത്. കാലിൽ ചവിട്ടേറ്റ് അസ്ഥി പൊട്ടിയ പ്രിസണ്‍ ഓഫീസര്‍ ടി ഡി അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ജയില്‍ ജീവനക്കാരുടെ വിശ്രമ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. ജീവനക്കാരുടെ എണ്ണം കുറവായത് കൊണ്ട് അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ അവധി അനുവദിച്ചിരുന്നുള്ളു. മൂന്ന് ദിവസത്തെ അവധിക്കാണ് രാജേഷ് അപേക്ഷിച്ചിരുന്നത്. എന്നാൽ ചീഫ് വാര്‍ഡന്റെ ചുമതലയുള്ള പ്രിസണ്‍ ഓഫീസറായ അശോക് കുമാർ ഒരു ദിവസത്തെ അവധി മാത്രമാണ് അനുവദിച്ചത്. ഇതിൽ പ്രകോപിതനായാണ് രാജേഷ് അശോക് കുമാറിനെ ആക്രമിച്ചത്.
അശോക് കുമാറിന്റെ മൂക്കിന്റെ പാലത്തിന് പരിക്കുണ്ട്. ഒരു മാസം മുൻപേയാണ് ഇരുവര്‍ക്കും വിയ്യൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. 400 തടവുകാരെ പാര്‍പ്പിക്കുന്ന ജയിലില്‍ 100 ജീവനക്കാര്‍ വേണ്ടയിടത്ത് 28 ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഇതിൽ 8 പേർ പരിശീലനത്തിലാണ്.
Content highlights – prison officer assaulted by assistant