അമേരിക്ക – ഇറാൻ സംഘർഷത്തിൽ ഇടപെടാൻ തയ്യാറായി റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ; ഇനിയും ആക്രമണം തുടർന്നാൽ ഇസ്രായേലിനെ തങ്ങൾ ആക്രമിക്കുമെന്ന് തുർക്കി പ്രസിഡൻറ് എർദോഗാൻ
പാകിസ്ഥാനിൽ നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അമേരിക്ക – ഇറാൻ സംഘർഷത്തിൽ മധ്യസ്ഥശ്രമത്തിന് നേരിട്ടിറങ്ങിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇറാൻ പ്രസിഡന്റുമായി പുടിൻ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത പുടിൻ, സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ മധ്യസ്ഥ ശ്രമം ഇറാൻ – അമേരിക്ക സംഘർഷത്തിൽ നിർണായകമായേക്കും. എന്നാൽ ഇറാനും അമേരിക്കയും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം.
ആണവ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ തയാറായില്ലെന്നാണ് അമേരിക്കൻ സംഘത്തെ നയിച്ച വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പറഞ്ഞത്. എന്നാൽ ഈ ചർച്ചയിൽ തുടക്കം മുതൽ വിശ്വാസ്യത ഉണ്ടായിരുന്നില്ലെന്നാണ് ഇറാൻ സംഘത്തെ നയിച്ച പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലി ബാഫ് പറഞ്ഞത്. ഇനി വേറെ ചർച്ചയില്ല എന്ന് പറഞ്ഞ് കൊണ്ട് അമേരിക്കൻ സംഘം വളരെ പെട്ടെന്ന് പാകിസ്ഥാൻ വിടുകയും ചെയ്തു. ആണവ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ തയാറായില്ലെന്നും ജെ ഡി വാൻസ് പറഞ്ഞു. ആണവ പദ്ധതി പാടെ ഉപേക്ഷിക്കുക എന്നത് നടക്കുന്ന കാര്യമല്ലാ എന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായി വൻ വ്യോമസേനാ സന്നാഹവും സൈന്യവും പാക്കിസ്ഥാൻ സൗദിയിലേക്കയച്ചു. ഇറാനോടും പ്രോക്സികളോടും യുദ്ധം തുടരുമെന്ന് ഇസ്രയേലും പറഞ്ഞിട്ടുണ്ട്.
അതേസമയം തന്നെ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചും സൈനിക നീക്കത്തിന്റെ സൂചന നൽകിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്ത് വന്നിട്ടുണ്ട്. രക്തദാഹവും വിദ്വേഷവും നെതന്യാഹുവിനെ അന്ധനാക്കി മാറ്റിയിരിക്കുകയാണെന്നും ചരിത്രം അദ്ദേഹത്തെ ഹിറ്റ്ലർക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമായിരിക്കും രേഖപ്പെടുത്തുകയെന്നും എർദോഗൻ പറഞ്ഞു.
മുമ്പ് ലിബിയയിലും നാഗോർണോ-കറാബാക്കിലും സൈനിക ഇടപെടൽ നടത്തിയതുപോലെ ഇസ്റാഈലിലും തുർക്കി ഇടപെട്ടേക്കാം എന്ന വ്യക്തമായ സൂചനയും എർദോഗൻ നൽകി. “ഗസ്സയിൽ ഇസ്റാഈൽ നടത്തി കൊണ്ടിരിക്കുന്നത് വംശഹത്യയാണ്. ഇസ്റാഈലിന് ഈ രീതിയിൽ ഏറെനാൾ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താൻ ഞങ്ങൾ അവിടെയും പ്രവേശിക്കും,” എന്നും ഉർദുഗാൻ പറഞ്ഞു.
ഗസ്സയിലെയും ലബനനിലെയും ആക്രമണങ്ങൾക്ക് ലോകത്തോട് ഇസ്രായേൽ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗസ്സയിലെ സൈനിക നടപടിയിൽ പ്രതിഷേധിച്ച് ഇസ്റാഈലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി നേരത്തെ തന്നെ പൂർണ്ണമായി റദ്ദാക്കിയിരുന്നു.
തുർക്കിയുടെ ഈ ഭീഷണിക്ക് പിന്നാലെ കടുത്ത മറുപടിയുമായി ഇസ്റാഈൽ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു. എർദോഗാൻ, സദ്ദാം ഹുസൈന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അത്തരക്കാർക്ക് സംഭവിക്കുന്ന അന്ത്യം എർദോഗൻ ഓർക്കുന്നത് നന്നായിരിക്കുമെന്നും ഇസ്റാഈൽ തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നതോടെ പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.








