ഇറാനെ ഒതുക്കാൻ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി സഖ്യമുണ്ടാക്കുന്നു; നെതന്യാഹുവിന്റെ പ്രസ്താവനയിൽ ഞെട്ടലോടെ പശ്ചിമേഷ്യ
ഇറാനിൽ നിന്നുള്ള ഭീഷണിയെ നേരിടുന്നതിനായി മേഖലയിലെ ചില പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കുന്നതായി പറയുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ സൈനിക, ആണവ നീക്കങ്ങളെ ക്കുറിച്ചുള്ള പൊതുവായ ആശങ്കകൾ കാരണം ഇസ്രയേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതായാണ് സൂചന. ഈ സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പേരുകൾ നെതന്യാഹു വെളിപ്പെടുത്തിയില്ലെങ്കിലും, ഈ പ്രധാനപ്പെട്ട ഉടമ്പടികളെ കുറിച്ച് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ ശേഷിക്കും എതിരായ ആക്രമണങ്ങളിലൂടെ നേരിട്ടുള്ള ഭീഷണി ഒഴിവാക്കാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയുധങ്ങൾ നിർമ്മിക്കാനുള്ള ഇറാന്റെ ശേഷിയെ ഇസ്രായേൽ തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഇറാനിലെ ഭരണകൂടം വൈകാതെ തന്നെ തകരുമെന്നും നെതന്യാഹു പറയുന്നുണ്ട്.
മേഖലയിലെ മറ്റ് സാഹചര്യങ്ങളെ ക്കുറിച്ച് സംസാരിക്കവെ, ഹിസ്ബുള്ള ഇനി ഇസ്രായേലിന് ഒരു ഭീഷണി അല്ലെന്ന് നെതന്യാഹു പറഞ്ഞു. മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കാൻ സാധിച്ചപ്പോൾ, സ്വാഭാവികമായും ഹിസ്ബുള്ളയുടെ ഭീഷണി കുറഞ്ഞു. ഇറാനിൽ ഇസ്രായേൽ നടത്തിയ ശക്തമായ ആക്രമണങ്ങൾ ഹിസ്ബുള്ളയെപ്പോലുള്ള ഇറാൻ അനുകൂല സംഘടനകളുടെ ശക്തി കുറയ്ക്കാൻ സഹായിച്ചു എന്ന് നെതന്യാഹു പറയുന്നു.
ഏതൊക്കെ അറബ് രാജ്യങ്ങളാണ് ഈ സഖ്യത്തിലുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, ഇറാൻ്റെ ആണവ-മിസൈൽ ഭീഷണികളിൽ ആശങ്കയുള്ള അറബ് രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധം ആഴത്തിലുള്ളതാണെന്ന് ഈ പ്രസംഗം സൂചനകൾ നൽകുന്നുണ്ട്. “ഞങ്ങൾ ഇറാന്റെ വ്യവസായ ശേഷിയെ തകർത്തു. ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ഭരണകൂടത്തിന്റെ കഴിവിനെ ഇല്ലാതാക്കാൻ നിലവിലെ സൈനിക നീക്കങ്ങൾക്കായി,” എന്നും നെതന്യാഹു പറഞ്ഞു.
ലബനൻ അതിർത്തിയിൽ നിന്നുള്ള ഹിസ്ബുള്ളയുടെ ഭീഷണി ഇനി ഇസ്രായേലിന് ഒരു വെല്ലുവിളിയല്ലെന്നും ഇറാന്റെ പ്രോക്സി ഗ്രൂപ്പുകളെ ഓരോന്നായി തങ്ങൾ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ തുടരുമെന്നും, ഇറാന്റെ ആണവ ശേഷി പൂർണ്ണമായും തകർക്കുന്നത് വരെ പിന്മാറില്ലെന്നുമാണ് ഇസ്രായേലിന്റെ നിലപാട്.








