നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല
ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്ന ശക്തവും തീവ്രവുമായ മഴയ്ക്ക് നാളെ മുതല്‍ ശമനം. ഇനി ഒരാഴ്ച സംസ്ഥാനത്ത് ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ മാത്രമാണ് സാധ്യതയുള്ളത്. അതിനാല്‍ നാളെ മുതല്‍ ഞായറാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല.
ഇന്ന് ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.













