ഹിമാചലില്‍ മഴ ശക്തം; ഡാമുകൾ നിറയുന്നു
മഴ ശക്തമായതോടെ ഹിമാചല്‍ പ്രദേശില്‍ ഡാമുകള്‍ നിറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കനത്തതോടെ 7,00,000 ക്യൂസെക്സ് ജലമാണ് സംസ്ഥാനത്തെ പോങ് ഡാമിലേക്ക് ഒഴുകിയെത്തിയത്.
ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ വിവിധ പ്രദേശങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്ന സഹാചര്യത്തില്‍ പോങ് ഡാമില്‍ നിന്നും വെള്ളം തുറന്ന് വിട്ടതോടെ മുന്നോറോളം പേര് വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് കൂടുതല്‍ ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നിലവില്‍ 1,400 അടിയാണ് പോങ് ഡാമിലെ ജലനിരപ്പ്. 1,390 അടിയാണ് ഡാമിന്റെ പരമാവധി ശേഷി. 1977ല്‍ ഡാം നര്‍മിച്ച ശേഷം ആദ്യമായാണ് ജലനിരപ്പ് പരമാവധി ശേഷിക്കും മുകളില്‍ എത്തുന്നത്. നിലവില്‍ 90,000 ക്യുസെക്സ് ജലമാണ് ഡാമില്‍ നിന്നും പുറത്തുവിടുന്നത്. സത്ലജില് സ്ഥിതിചെയ്യുന്ന ഭക്ര അണക്കെട്ടിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പരമാവധി ശേഷിയായ 1680 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. ബീസ് നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.