ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനമായതോടെ വിവിധ ജില്ലകളിലുളള റെഡ് അലർട്ട് എല്ലാം ഇന്നലെ പിൻവലിച്ചിരുന്നു. ഇന്നലെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.