അർബുദത്തെ നേരിടാൻ പുത്തൻ മരുന്ന്; പരീക്ഷിച്ച 18 രോഗികൾക്കും രോഗശാന്തി
അർബുദ ചികിൽസാരംഗത്ത് ആശ്വാസമായി പുത്തൻ മരുന്ന്. ഡൊസ്റ്റര്‍ലിമാബ് എന്ന പുതിയ മരുന്നാണ് മലാശയ അർബുദത്തിൻ്റെ ചികിൽസയിൽ വഴിത്തിരിവാകുന്നത്. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളില്‍ നടത്തിയ പരീക്ഷണത്തിൽ മുഴുവൻ ആളുകൾക്കും രോഗശാന്തി ലഭിച്ചതായാണ് റിപ്പോർട്ട്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം.
ഡൊസ്റ്റര്‍ലിമാബ് എന്ന മരുന്ന് കാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി ഇല്ലാതാക്കിയെന്നാണ് പരിശോധനാഫലങ്ങൾ തെളിയിക്കുന്നത്. പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും രോഗം ഭേദമാകുന്നത് അര്‍ബുദചികിത്സാ ചരിത്രത്തിൽത്തന്നെ ആദ്യമാണ്. കീമോതെറാപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തിയിട്ടും ഫലം ലഭിക്കാത്ത 18 പേരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. പതിനെട്ടുപേരും അര്‍ബുദ വളര്‍ച്ച തുടക്കത്തില്‍ കണ്ടെത്തിയവരും മറ്റ് അവയവങ്ങളില്‍ പടര്ന്നിട്ടില്ലാത്തവരുമായിരുന്നു.
മൂന്നാഴ്ച്ചയില്‍ ഒരുതവണ വീതം ആറ് മാസത്തേക്ക് രോഗികള്‍ക്ക് ഡൊസ്റ്റര്‍ലിമാബ് നല്കി. ആറുമാസം തുടർച്ചയായി മരുന്ന് കഴിച്ചപ്പോള്‍ രോഗം പൂര്‍ണ്ണമായും മാറിയതായി കണ്ടെത്തി. അര്‍ബുദരോഗ പരിശോധനകളായ ടോമോഗ്രഫി, പെറ്റ് സ്കാന്‍, എംആര്‍ഐ സ്കാൻ എന്നിവയുൾപ്പടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും ഇല്ലാതായതായി കണ്ടെത്തി. മരുന്ന് പരീക്ഷിച്ച രോഗികളിൽ ആർക്കും യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടായിട്ടില്ല. ശരീരത്തിലെ തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നും മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ ക്യാന്‍സര്‍ രോഗവിദഗ്ദന്‍ ലൂയിസ് ഡയസ് ജൂനിയര്‍ പറഞ്ഞു.
Content Highlights – New drug to relieve cancer treatment, Dostarlimab, colorectal cancer