പ്രവാചകനെതിരെ ബിജെപി വക്താവിന്റെ പരാമര്‍ശം: ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തര്‍
ഇന്ത്യയില്‍ ബിജെപി വക്താവിന്റെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഖത്തര്‍. മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറി.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.
മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ ബിജെപി നടപടിയെടുത്തിരുന്നു. ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്തു. മാധ്യമവിഭാഗം നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. വിവാദ പരാമര്‍ത്തിനെതിരെ പ്രതിഷേധവും ചിലയിടങ്ങളില്‍ സംഘര്‍ഷവും ഉടലെടുത്തതോടെയാണ് നടപടിയുമായി ബിജെപി രംഗത്തെത്തിയത്. ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായ അപലപിക്കുന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.
Content Highlights – Controversial Statement, Qatar’s Minister of State for Foreign Affairs Came with protest