ആണവഭീഷണിയെ നിസാരവല്ക്കരിക്കരുത്. നാറ്റോ റഷ്യയുമായി നിഴല്‍ യുദ്ധത്തില്‍: സെര്‍ജി ലാവ്റോവ്
റഷ്യ-യുക്രൈന് യുദ്ധത്തില്‍ നിലനില്‍ക്കുന്ന ആണവ ഭീഷണിയെ വിലകുറച്ച് കാണരുതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. യുക്രൈനിന് ആയുധങ്ങള്‍ കൈമാറുന്നതിലൂടെ നാറ്റോ റഷ്യയുമായി നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യന്‍ ദേശീയ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാവ്റോവ്. യുക്രൈന് പ്രതിസന്ധി പരിഹരിക്കാനുള്ള ഏതൊരു ധാരണയും യുദ്ധഭൂമിയിലെ സൈനിക സാഹചര്യം കൂടി പരിഗണിച്ചാവും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി ചോദിച്ചപ്പോള്‍, എന്തുവില കൊടുത്തും ഒരു ആണവ യുദ്ധം ഒഴിവാക്കാനാകും റഷ്യ ശ്രമിക്കുകയെന്ന് സെര്‍ജി ലാവ്റോവ് പ്രതികരിച്ചു.
‘അത്തരം അപകട സാധ്യതകള്‍ കൃത്രിമമായി എനിക്ക് ഉണ്ടാക്കിയെടുക്കേണ്ടതില്ല. എന്നാല്‍, അങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഈ അപകടം വളരേ ഗൗരവകരമാണ്. അതിനെ ആരും വിലകുറച്ച് കാണരുത്.’ യുദ്ധത്തില്‍ നിലനില്‍ക്കുന്ന് ആണവഭീഷണിയെ പറ്റി ലാവ്റോവ് പറഞ്ഞു.
രണ്ടുമാസത്തിലേറെയായി തുടരുന്ന റഷ്യ യുക്രൈന് യുദ്ധത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് ജീവന് നഷ്ടമായത്. 50 ലക്ഷത്തിലേറെ ജനങ്ങൾ അഭയാര്‍ഥികളായി സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. യുക്രൈനിന്റെ നിരായുധീകരണവും ഫാസിസ്റ്റുകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നതും ലക്ഷ്യമിട്ടുകൊണ്ടാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന് ‘പ്രത്യേക സൈനികാഭ്യാസം’ പ്രഖ്യാപിച്ചുകൊണ്ട് യുക്രൈനിലേക്ക് സൈന്യത്തെ അയച്ചത്. എന്നാല്‍ പ്രകോപനമേതും ഇല്ലാതെയുള്ള റഷ്യയുടെ യുക്രൈന് കൈയ്യേറ്റത്തോട് മിക്കരാജ്യങ്ങളും പ്രതിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്.
”നാറ്റോയുടേത് നിഴല്‍യുദ്ധം”
പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈന് സൈന്യത്തിന് ആയുധങ്ങള്‍ കൈമാറുന്നത് പ്രകോപനകരമായ നടപടിയാണെന്ന് സെര്‍ജി ലാവ്റോവ് പറഞ്ഞു. ഈ ആയുധങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായകരമാവില്ല, പകരം നീട്ടിക്കൊണ്ടുപോകാൻ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനിന് ആയുധങ്ങള്‍ കൈമാറുന്നതിലൂടെ നാറ്റോ റഷ്യയുമായി നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പടുത്തി.
കഴിഞ്ഞ ഫെബ്രുവരി 24നു തുടങ്ങിയ റഷ്യയുടെ യുക്രൈന് അധിനിവേശം രണ്ടുമാസം പിന്നിട്ടും തുടരുകയാണ്. യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചു എന്ന് പ്രഖ്യാപിച്ച റഷ്യ നിലവില്‍ പോരാട്ടം യുക്രൈനിന്റെ കിഴക്കന്‍ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തുറമുഖ പട്ടണമായ മരിയാപ്പോള് കീഴടക്കിയതായി കഴിഞ്ഞ ദിവസം റഷ്യ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Russian foreign minister warns of Nuclear war danger