വിമാനങ്ങള്‍ വില്‍ക്കും, ശമ്പളം നല്കാന് കൂടുതല്‍ നോട്ടടിക്കും; പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതികള്‍ ഇങ്ങനെ
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ദേശീയ വിമാന കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വില്‍ക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് വിക്രമസിംഗെ പ്രഖ്യാപിച്ചത്. 2021 മാര്‍ച്ചില്‍ 124 ദശലക്ഷം ഡോളര്‍ നഷ്ടമായിരുന്നു ശ്രീലങ്കന്‍ എയര്‍ലൈന്‍സ് രേഖപ്പെടുത്തിയത്. നഷ്ടത്തിലായ കമ്പനി സ്വകാര്യവത്കരിക്കുന്നതിലൂടെ ലഭിക്കുന്ന പണം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ഉപയോഗിക്കും.
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിക്രമസിംഗെ ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനായി കൂടുതല്‍ കറന്‍സി പ്രിന്റ് ചെയ്യാനും പദ്ധതിയുണ്ട്. കൂടുതല്‍ നോട്ടടിക്കുന്നത് ശ്രീലങ്കന്‍ രൂപയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കുമെങ്കിലും ശമ്പളം നല്കാന് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഒരു ദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണ് രാജ്യത്ത് ശേഷിക്കുന്നത്.
ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന മൂന്ന് ഇന്ധന ടാങ്കര്‍ കപ്പലുകളിലെ എണ്ണ വാങ്ങുന്നതിനായി കൂടുതല്‍ ഡോളര്‍ സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഗവണ്മെന്റ്. രണ്ടു കപ്പലുകളില്‍ ക്രൂഡ് ഓയിലും ഒന്നില്‍ ഫര്‍ണസ് ഓയിലുമാണ് എത്തിയിരിക്കുന്നത്. അടുത്ത രണ്ടു മാസം വളരെ ദുരിതമേറിയതായിരിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ ഒരു ദേശീയ അസംബ്ലി രൂപീകരിക്കേണ്ടതുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഇത് എത്രയും വേഗം നടപ്പിലാക്കണം. രാജ്യത്തിനായി ഒരു സമാശ്വാസ ബജറ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു.
Content Highlight: Srilanka to sell national carrier print more currency