ലിറ്റില് ബോയ് എന്ന വിനാശം ഹിരോഷിമയില് പെയ്തിറങ്ങിയതിന്റെ 77ാ വര്ഷം
ലോക മനസാക്ഷിയെ നടുക്കി അമേരിക്ക പൈശാചിക ചിരി ചിരിച്ചതിന്റെ വാർഷികമാണ് ഓരോ ഹിരോഷിമ ദിനവും. യുദ്ധം ലോകത്തിന് മുകളിൽ വിതച്ച ഏറ്റവും വലിയ വിപത്തുകളിൽ ഒന്ന്. ഹിരോഷിമയിലെ ജനങ്ങൾ അനുഭവിച്ചതിനും അനുഭവിച്ചു കൊണ്ടിരിക്കുന്നതിനും ലോകം രണ്ട് ചേരിയായി തിരിഞ്ഞ് പോരടിച്ചതിനും സാമ്രാജ്യാധിപത്യത്തിന്റെ പങ്ക് ചെറുതല്ല. നിഷ്കളങ്കരായ ഒരു കൂട്ടം സാധാരണക്കാർക്ക് മുകളിലേക്ക് ലിറ്റിൽ ബോയ് എന്ന് പേരിട്ട വിനാശകരമായ അണുബോംബിടുമ്പോൾ അമേരിക്കയ്ക്ക് അതൊരു പരീക്ഷണ ദൗത്യമായിരുന്നു. എങ്ങനെ മനുഷ്യർ നരകിയ്ക്കുമെന്ന് കണ്ടറിയാനുള്ള അവസരം. അതുകൊണ്ട് തന്നെ ലിറ്റിൽ ബോയ് തീർത്ത വിനാശം കൺനിറയെ കണ്ടിട്ടും കൃത്യ മൂന്ന് ദിവസത്തിന്റെ അന്ന് ഫാറ്റ് മാൻ എന്ന് പേരിട്ട മറ്റൊരു അണുബോംബിനെ കൂടി അമേരിക്ക ജപ്പാന് മുകളിലേക്ക് പെയ്തിറക്കി. അന്ന് വെന്തടർന്ന് മരിച്ചത് നാഗസാക്കി.
ചരിത്രത്തിലാദ്യമായി മനുഷ്യരെ ലക്ഷ്യം വച്ച് ആണവാക്രമണം നടക്കുന്നത് ഈ രണ്ട് ദിവസങ്ങളിലാണ്. ഒറ്റവാചകത്തിൽ പറഞ്ഞാൽ തങ്ങളുണ്ടാക്കിയെടുത്ത അണുബോംബ് പരീക്ഷിക്കാൻ അമേരിക്കയെന്ന ലോകപൊലീസ് തെരഞ്ഞെടുത്ത ദിവസമാണ് 1945 ഓഗസ്റ്റ് 6. മൂന്ന് ദിവസം ഹിരോഷിമ നിന്ന് കത്തി, ആ ചൂടാറും മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ വീഴ്ത്താൻ അമേരിക്ക നാഗസാക്കിയേയും ചുട്ടുപൊള്ളിച്ചു. ജപ്പാനിൽ അണുബോംബ് വർഷിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിന്റായ ഹാരി എസ്. ട്രൂമാനാണ് നിർദേശം നൽകിയത്.
1945 ആഗസ്ത് ആറിന് ജപ്പാനിലെ ഹിരോഷിമക്കാർ ഉണർന്നത് പതിവുപോലെയാണ്. പക്ഷേ പിന്നീടൊരിക്കലും അതേ ഭൂപ്രകൃതിയിൽ മലിനമല്ലാത്ത മണ്ണും ഭൂമിയും ജലവും വായുവും ആകാശവും കണ്ടുണരാൻ ഹിരോഷിമക്കാർക്ക് ആയിട്ടില്ല. എനോല ഗേ എന്ന പേരോടെ ബി-29 എന്ന അമേരിക്കൻ യുദ്ധ വിമാനത്തിൽ നിന്ന് ലിറ്റിൽ ബോയ് എന്ന അറ്റോമിക് ബോംബ് ജപ്പാനിലെ ഹിരോഷിമ എന്ന നഗരത്തിൽ പതിക്കുന്നത് രാവിലെ എട്ടേകാലോടെയാണ്.
യുഎസിന്റെ നിയന്ത്രണത്തിലുള്ള പസിഫിക് ദ്വീപുകളായ നോർത്തേൺ മരിയാന ദ്വീപുകളിൽ നിന്നാണ് ഹിരോഷിമയെ ലക്ഷ്യമാക്കി ഇനോള ഗേ പറന്നുയർന്നത്. അകമ്പടിയായി രണ്ട് ബി-29 വിമാനങ്ങൾ കൂടിയുണ്ടായിരുന്നു. ജപ്പാന്റെ ഐവോ ജിമ ദ്വീപുകളിലെത്തിയ ശേഷം പ്രധാനദ്വീപുകൾ ലക്ഷ്യം വച്ച് ഇനോള ഗേയും മറ്റ് രണ്ട് വിമാനങ്ങളും പറന്നു. യുഎസ് എയർഫോഴ്സിന്റെ 509 കോംപസിറ്റ് ഗ്രൂപ്പിനായിരുന്നു ഹിരോഷിമ, നാഗസാക്കി സ്ഫോടനങ്ങൾ നടത്താനുള്ള ചുമതല. 509 കോംപസിറ്റ് ഗ്രൂപ്പിന്റെ കമാൻഡറായിരുന്ന കേണൽ പോൾ ഡബ്ല്യു ടിബ്ബെറ്റ്സ് തന്റെ അമ്മയുടെ പേരാണ് അണുബോംബ് വഹിച്ച വിമാനത്തിന് നൽകിയത്, ഇനോള ഗേ…ടിബ്ബെറ്റ്സിനെ കൂടാതെ വിമാനത്തിനുള്ളിലുണ്ടായിരുന്ന ക്യാപ്റ്റൻ വില്യം ഡീക്കും മോറിസ് ജെപ്സണും ലിറ്റിൽ ബോയ് എന്നവർ ഓമനപ്പേരിട്ട യുറേനിയം അണുബോംബ് സജ്ജമാക്കി.
രാവിലെ എട്ടേകാലോടെ ഹിരോഷിമയ്ക്കു മുകളിലെത്തിയ ഇനോള ഗേ വിമാനത്തിൽ നിന്നു ലിറ്റിൽ ബോയ് പുറത്തേക്ക്. ലോകത്തിൽ ആദ്യമായി മനുഷ്യൻ മനുഷ്യന് മേൽ ആണവ ബോംബാക്രമണം നടത്തിയ നിമിഷം. ഭൗമനിരപ്പിൽ നിന്ന് 9.47 കിലോമീറ്റർ പൊക്കത്തിലായിരുന്ന ടിബ്ബെറ്റ്സും സംഘവും തങ്ങൾ പുറത്തേക്ക് വിട്ട ലിറ്റിൽ ബോയിയെ കുറിച്ച് ധാരണയുള്ളവരായിരുന്നു, അതിനാൽ പാരച്യൂട്ടിൽ ഇറക്കി വിട്ട ലിറ്റിൽ ബോയ് 53 സെക്കൻഡുകൾക്കുള്ളിൽ ഹിരോഷിമയിലേക്ക് പതിക്കുമ്പോൾ ഇനോള ഗേ 18.5 കിലോമീറ്റർ അകലത്തേക്കു പറന്നുമാറിയിരുന്നു. ഹിരോഷിമയിലുണ്ടായ സ്ഫോടനത്തിന്റെ ഷോക്ക്തിരകൾ എന്നിട്ടും ബോംബർ വിമാനത്തിൽ വന്നടിച്ചു. എന്നാൽ ഇനോള ഗേ ദൗത്യം നിർവഹിച്ച ശേഷം മണിക്കൂറുകൾക്കുള്ളിൽ നോർത്തേൺ മരിയാന ദ്വീപിലെ ടിനിയൻ എയർബേസിലേക്ക് തിരിച്ചിറങ്ങി.
എന്നാൽ ഹിരോഷിമ ആ നിമിഷങ്ങളിൽ ആണവതുടർ സ്ഫോടനങ്ങളിൽ കത്തിയമരുകയായിരുന്നു. അമേരിക്കയുടെ ബി 29 ബോംബർ വിമാനം ഇട്ട യുറേനിയം 235 ബോംബ് 1900 അടി മുകളിൽ വച്ച് പൊട്ടിത്തെറിച്ചു. തൊട്ടടുത്ത നിമിഷങ്ങളിൽ 80000 മനുഷ്യർക്ക് ജീവൻ നഷ്ടമായി. ആണവസ്ഫോടനത്തെ തുടർന്നുണ്ടായ റേഡിയേഷനെ തുടർന്ന് പിന്നീടുള്ള ദിവസങ്ങളിൽ 1.35 ലക്ഷം പേർക്ക് ആകെ ജീവൻ നഷ്ടമായി. പത്ത് കിലോമീറ്ററോളം ചുറ്റളവിൽ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. മനുഷ്യർ പൊള്ളിയടർന്നു,..ആശുപത്രികൾ പോലുള്ള പ്രധാനപ്പെട്ട കെട്ടിടങ്ങളെല്ലാം തകർന്നു. ഹിരോഷിമയിലെ 90 ശതമാനം ഡോക്ടർമാരും നേഴ്സുമാരും കൊല്ലപ്പെട്ടത് പിന്നീടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിച്ചു. ആണവവികിരണമേറ്റ് പൊള്ളിയടർന്ന മനുഷ്യർ ഹിരോഷിമയുടെ തെരുവിൽ വീണു.
ഇന്നും ഹിരോഷിമ റേഡിയേഷൻ രോഗങ്ങളുടെ പിടിയിലാണ്. ഹിരോഷിമയിൽ പിന്നീട് വർധിച്ച രക്താർബുദത്തിന് പിന്നിൽ ആണവസ്ഫോടനത്തിന് പങ്കുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. 1950 മുതൽ 2000 വരെയുണ്ടായ രക്താർബുദ മരണങ്ങളിൽ 46 ശതമാനം റേഡിയേഷൻ മൂലമാണെന്നായിരുന്നു പഠനങ്ങളുടെ കണ്ടെത്തൽ. ഹിരോഷിമ ഇന്നും ഗ്രൗണ്ട് സീറോ എന്നറിയപ്പെടുന്ന ലിറ്റിൽ ബോയ് പതിച്ചയിടത്ത് ഇന്നും ആ ഗോപുരം തകർന്ന് നിൽക്കുന്നുണ്ട്. ജപ്പാനിലെ പീസ് മെമ്മോറിയൽ പാർക്കിലെ ഈ കെട്ടിടം ലോകത്തിന് മുന്നിൽ വലിയൊരു ക്രൂരതയുടെ ബാക്കിപത്രമായി ഇന്നും നിലകൊള്ളുന്നു.
Content Highlights- Hiroshima Day