ചമ്പാവത് ഉപതെരഞ്ഞെടുപ്പ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചരിത്ര ജയം
ഉത്തരാഖണ്ഡിലെ ചമ്പാവത് നിയമസഭാ മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചരിത്ര ജയം. കോൺഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹതോഡിയെ 55,025 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ധാമി പരാജയപ്പെടുത്തിയത്. മെയ് 31 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 64 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ ധാമി 58,258 വോട്ടുകൾ നേടിയപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹതോഡിയ്ക്ക് ആകെ 3,233 വോട്ടുകളാണ് നേടാനായത്. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, 55,025 എന്ന റെക്കോർഡ് ഭൂരിപക്ഷം ധാമിക്ക് നേടാനായി. 2012ൽ കോൺഗ്രസ് ടിക്കറ്റിൽ സിതാർഗഞ്ചിൽ നിന്ന് 40,000 വോട്ടുകൾക്ക് വിജയിച്ച വിജയ് ബഹുഗുണയുടെ റെക്കോർഡാണ് ധാമി തിരുത്തിയെഴുതിയത്.
ഫെബ്രുവരിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി 70-ൽ 47 സീറ്റുമായി രണ്ടാമതും അധികാരത്തിലേറിയെങ്കിലും ധാമി ഖത്തിമ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടിരുന്നു. കോൺഗ്രസിൻ്റെ ഭുവൻ ചന്ദ്ര കാപ്രി (Bhuwan Chandra Kapri)യോട് പരാജയപ്പെട്ടിരുന്നു. ധാമിയ്ക്ക് മുഖ്യമന്ത്രിയായി തുടരുന്നതിനായി വീണ്ടും മൽസരിക്കാൻ ചമ്പാവതിലെ ബിജെപി എംഎൽഎ കൈലാഷ് ചന്ദ്ര ഗഹ്തോരി രാജിവെയ്ക്കുകയായിരുന്നു.
Content Highlight: Champawat bypoll- CM Pushkar Singh Dhami Wins with a margin of over 92% votes