വീഴ്ചയുണ്ടായതായി കരുതുന്നില്ല; തെരഞ്ഞെടുപ്പു തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കണമെന്ന് സി കെ മണിശങ്കര്‍
തൃക്കാക്കരയിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെന്ന് സിപിഎം മുന്‍ നേതാവ് സി.കെ.മണിശങ്കര്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതില്‍ സിപിഎം നടപടി സ്വീകരിച്ച നേതാവാണ് മണിശങ്കര്‍. പഴുതടച്ച പ്രചാരണവും ഏകോപനവും നടത്തിയിട്ടും യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടിയതെങ്ങനെയാണെന്ന് പരിശോധിക്കണമെന്നാണ് മണിശങ്കര്‍ പ്രതികരിച്ചത്. ട്വന്റി ട്വന്റി, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ വോട്ട് യുഡിഎഫിന് കിട്ടി.
ഇത് ഏകോപിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞതു കൊണ്ടാണ് വലിയ ഭൂരിപക്ഷത്തിലേക്കും വോട്ട് വിഹിതത്തിലേക്കും യുഡിഎഫ് പോയതെന്നും മണിശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 2021ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ജെ.ജേക്കബ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലം സെക്രട്ടറിയായിരുന്ന സി.കെ.മണിശങ്കറിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.
എന്നാല്‍ ഏകോപനത്തിലും ഫണ്ട് സമാഹരണത്തിലും ഗുരുതരമായ വീഴ്ചയുണ്ടെന്ന് താന്‍ കൂടി അംഗീകരിച്ചതിന്റെ പേരിലായിരുന്നു നടപടിയെന്ന് മണിശങ്കര്‍ വിശദീകരിച്ചു. 2021ല്‍ 14,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡോ.ജെ.ജേക്കബ് പി ടി തോമസിനോട് പരാജയപ്പെട്ടത്.
Content Highlights: Thrikkakkara, Byelection, LDF, CPM, Manisankar