വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ഞായറാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.
5-ാം തിയതി മുതല്‍ 7 വരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു.
Content Highlights: Rain. Rain Alert, Monsoon, Forecast, Thunderstorm