സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടി; പൊതുഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്കി. സ്കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി.
സംസ്ഥാനത്ത് ഇന്ന് 2415 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര് കോവിഡ് ബാധിച്ച് മരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് എറണാകുളത്താണ്.
രാജ്യത്തും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. കേസുകള്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. . ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടര്‍ച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. . ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 5233 കേസുകള്‍ ആയിരുന്നുവെങ്കില്‍ ഇന്നത്തെ കണക്കനുസരിച്ച് അത് 7240 ആയി ഉയര്‍ന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാര്‍ച്ച് ഒന്നിന് ശേഷം ആദ്യമായിട്ടാണ്.
Content Highlights – Kerala Government, CM Pinarayi Vijayan, Proposal to make masks mandatory in public places, Covid cases Increasing