ഷെഹനാസിന്റെ പരാതി; കഥാകൃത്ത് വി ആര് സുധീഷിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു
കഥാകൃത്ത് വി ആര് സുധീഷിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത് പോലീസ്. മാക്ബെത്ത് പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം എ ഷെഹനാസ് നല്കിയ പരാതിയിലാണ് കേസ്. ഫെയിസ്ബുക്ക് പോസ്റ്റില്‍ ഷെഹനാസ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പരാതി നല്‍കിയത്. ബുധനാഴ്ച ഡിസിപിയുടെ ഓഫിസിലെത്തിയാണ് ഷെഹനാസ് പരാതി നല്‍കിയത്.
ഒലിവ് പബ്ലിക്കേഷനില്‍ ജോലി ചെയ്യുമ്പോള്‍ വി ആര് സുധീഷിന്റെ അഭിമുഖം എടുത്തിരുന്നു. അപ്പോള്‍ എടുത്ത ഫോട്ടോ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സുധീഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതായും ഷെഹനാസ് പറഞ്ഞു.
ഇയാള്‍ പല സ്ത്രീകളോടും മോശമായി പെരുമാറാറുണ്ടെന്നും പലരും പേടികൊണ്ട് കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുകയാണെന്നും ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എഴുത്തുകാരന്റെ ഒരു പുസ്തകം തന്റെ പ്രസിദ്ധീകരണ സ്ഥാപനം പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.
അതിന്റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ ദിവസം അയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. കൂടാതെ ഭീഷണി സന്ദേശങ്ങള്‍ നിരന്തരം അയക്കാന്‍ തുടങ്ങിയെന്നും ഷഹനാസ് പറയുന്നു. അശ്ലീല ഫോണ്‍ സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളും തെളിവുകളായി കൈവശമുണ്ടെന്നും ഇവര്‍ പറയുന്നു.
Content Highlights – V R Sudheesh, Kerala Police, Case Registered for Insulting Woman, Shahanas