അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ; രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റ് വിജയം
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ അനായാസം ലക്ഷ്യം മറികടന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ് ഇന്ത്യ ജയം തൊട്ടത്.
സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇടവേളയ്ക്ക് ശേഷം ക്ലിക്കായെന്ന പ്രത്യേകതയുമുണ്ട് രണ്ടാം പോരിന്. ഓപ്പണിങില്‍ സഞ്ജു- അഭിഷേക് സഖ്യം 88 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യക്ക് അനായാസ വിജയത്തിലേക്ക് വാതില്‍ തുറന്നാണ് മടങ്ങിയത്. പവര്‍പ്ലേയിലാണ് ഈ നേട്ടം.
മലയാളി താരം വിമര്‍ശനങ്ങള്‍ക്ക് മിന്നും അര്‍ധ സെഞ്ച്വറിയുമായി മറുപടി നല്കിയതും ആവേശകരമായി. ബാറ്റ് കൊണ്ട് ഉജ്ജ്വല മറുപടിയാണ് സഞ്ജു നല്‍കിയത്. താരം 22 പന്തില്‍ ഏഴ് ഫോറും 4 സിക്സും സഹിതം 57 റണ്‍സ് അടിച്ചുകൂട്ടി. 20 പന്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയില്‍ എത്തി. റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിയ്ക്ക് പിടി നല്കി സഞ്ജു രണ്ടാം വിക്കറ്റായി മടങ്ങി.












