ഷാജ് കിരണിനെ 30ലേറെ തവണ വിളിച്ചു; വിജിലൻസ് മേധാവിയെ മാറ്റി
സംസ്ഥാനത്തെ വിജിലൻസ് മേധാവി എംആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റി. സ്വപ്നയുടെ സുഹൃത്തായ മുൻ മാധ്യമപ്രവർത്തകൻ ഷാജ് കിരണിനെ 30ലേറെ തവണ വിജിലൻസ് മേധാവി വിളിച്ചതായാണ് റിപ്പോർട്ട്. വിജിലൻസ് ഹെഡ്ക്വാർട്ടേഴ്സ് ഐജിയായ എച്ച് വെങ്കിടേഷ് ഐപിഎസിനായിരിക്കും വിജിലൻസ് ഡയറക്ടറുടെ താൽക്കാലിക ചുമതല. അജിത് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് എഡിജിപിയെ നീക്കിയതെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയ്ക്ക് വേണ്ടി എംആർ അജിത് കുമാർ ഷാജ് കിരണുമായി നിരന്തരം ബന്ധപ്പെട്ടു എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഇന്നലെ സ്വപ്ന പുറത്തുവിട്ട ശബ്ദ സംഭാഷണത്തിൽ അജിത് കുമാറുമായി ഷാജ് കിരൺ സംസാരിക്കുന്ന ഭാഗങ്ങളുണ്ട്.
സരിത്തിനെ പാലക്കാട് കൂട്ടിക്കൊണ്ടുപോയത് വിജിലൻസ് ആണെന്നും ഒരു മണിക്കൂറിനകം വിട്ടയക്കുമെന്നും സ്വപ്നയെ അറിയിച്ചത് ഷാജ് കിരൺ ആയിരുന്നു. താൻ ആ ദിവസം വിജിലൻസ് മേധാവി എം ആർ അജിത് കുമാറുമായി ഫോണിൽ സംസാരിച്ചെന്നു ഷാജ് കിരൺ അവകാശപ്പെടിരുന്നു. എന്നാൽ ഷാജ് കിരണിനെ വിജിലൻസ് മേധാവിയെ തിരികെയും വിളിച്ചുവെന്ന് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ ഒരു ദിവസം മുപ്പത് കോളുകൾ എന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതാണ് അജിത് കുമാറിനെ പ്രതിക്കൂട്ടിൽ ആക്കിയത്.
താൻ സംസാരിച്ചിരുന്നുവെന്ന കാര്യം അജിത് കുമാർ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായും വിവരമുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച അജിത് കുമാറിനെ മാറ്റാൻ തീരുമാനിച്ചത്.
Content Highlights: Vigilance Director, MR Ajithkumar, Shaj Kiran, Swapna Suresh