പ്രവാചക നിന്ദയെചൊല്ലി റാഞ്ചിയിൽ വൻ പ്രതിഷേധം; വെടിവെപ്പിൽ രണ്ട് പേർ മരിച്ചു
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി ജെ പി നേതാക്കൾ നടത്തിയ പരാമർശത്തെ തുടർന്ന റാഞ്ചിയിൽ വൻ സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും രണ്ട് പേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ പരിക്കേറ്റ് ആശുത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ട് പേരാണ് മരിച്ചതെന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അധികൃതർ അറിയിച്ചു.
ചാനൽ ചർച്ചക്കിടെ പ്രവാചകനെ നിന്ദിച്ച ബി ജി പി മുൻ വക്താവ് നൂപുർ ശർമയുടെ നിലപാട് ശരിയല്ലെന്ന് ആരോപിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം നടന്ന പ്രതിഷേധിത്തിൽ നിരവധി പേരാണ് അണിനിരന്നത്. ഡൽഹി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. റാഞ്ചിയിൽ കല്ലേറും വെടിവെപ്പുമുണ്ടായി. പ്രതിഷേധക്കാർ തിരിച്ചു വെടിവെച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഏറ്റുമുട്ടലിനെ തുടർന്ന് റാഞ്ചിയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. വിവാദ പരാമർശം നട്തതിയ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു റാഞ്ചിയിലെ പ്രതിഷേധം. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുന്നതിന്റെയും ലാത്തിച്ചാർജ് നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വന്നു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
Content Highlights: Ranchi violence two shot dead