”ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിച്ചു, സഹായിക്കാൻ അഭിഭാഷകൻ പോലുമില്ല”; മാധ്യമപ്രവർത്തകർക്ക് മുന്നിൽ കുഴഞ്ഞു വീണ് സ്വപ്ന
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ എല്ലാത്തിലും ഉറച്ചു നിൽക്കുന്നതായി സ്വപ്ന സുരേഷ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധമുള്ളതാണ്. തന്നെ വിലക്കെടുക്കാൻ ശ്രമം നടന്നുവെന്ന് തെളിയിക്കാനാണ് ആ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. കേസിന്റെ എല്ലാ വിശദാംശങ്ങളും തന്റെ ഇടപെടലിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇനിയുള്ള കാര്യങ്ങളെല്ലാം പറയേണ്ടത് അന്വേഷണ ഏജൻസികൾ മാത്രമാണെന്നും സ്വപ്ന സുരേഷ് പാലക്കാട് പറഞ്ഞു.
മാധ്യമ പ്രവർത്തകനായ ഷാജ് കിരണുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്വപ്ന പറഞ്ഞു.ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ സരിത്തിനെതിരെയും അഭിഭാഷകനായ കൃഷ്ണരാജിനെതിരെയും കേസെടുത്തു. എന്നെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഷാജ് കിരൺ പറഞ്ഞിരുന്നു. അക്കാര്യങ്ങളെല്ലാം ഇപ്പോൾ സംഭവിച്ചുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
മതനിന്ദ ആരോപിച്ചാണ് സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജിനെതിരെ കേസെടുത്തത്. ഫേസ്ബുക്ക് പോസറ്റിന്റെ അടിസ്ഥാനത്തിലാണ് കേസ്. തൃശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി ആർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പലപ്പോഴും സ്വപ്ന സുരേഷ് കരയുന്നുണ്ടായിരുന്നു. ഒരു അഭിഭാഷകന്റെ സഹായം പോലും തനിക്ക് ലഭിക്കുന്നില്ലെന്നും ഇവിടെ എന്തുമാത്രം പ്രതിസന്ധിയാണ് താൻ നേരിടുന്നതെന്ന് മനസ്സിലാവുന്നില്ലേ എന്നും ചോദിച്ച സ്വപ്ന മാധ്യമപ്രവർത്തകരുടെ മുന്നിൽ കുഴഞ്ഞുവീണു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights : Swapna suresh on gold smuggling case