ഇടതുമുന്നണി യോഗം ചൊവ്വാഴ്ച; വിവാദങ്ങൾ അജണ്ടയാകും
സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ രഹസ്യമൊഴി വിവാദമാകുന്നതിനിടെ ചൊവ്വാഴ്ച ഇടതുമുന്നണി യോഗം ചേരും. വിവാദങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗം ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ടയെന്നാണ് റിപ്പോർട്ടുകൾ.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായി ഉയർത്തിയ ആരോപണങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ സംഭവവികാസങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംഘപരിവാർ സംഘടനകൾക്കും പിസി ജോർജിനും അതിൽ പങ്കുണ്ടെന്നുമാണ് സർക്കാർ നിലപാട്.
അതേസമയം, ഷാജ് കിരൺ എന്ന മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി തന്നെ സമീപിച്ചു എന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി അവർ ഇന്നലെ പുറത്തുവിട്ട ശബ്ദരേഖകൾ അവരുടെ ആരോപണങ്ങളെ ദുർബ്ബലമാക്കുന്നതായിരുന്നു.
എന്നാൽ പ്രതിപക്ഷകക്ഷികൾ ഈ ആരോപണങ്ങൾ ഉയർത്തി സംസ്ഥാനമൊട്ടാകെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾ പ്രധാനമായും മുഖ്യമന്ത്രിയ്ക്ക് നേരേ ആയതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷ പതിവിലും കൂടുതലായി വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെ, വർഗീയത നിറഞ്ഞ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മതനിന്ദക്കുറ്റത്തിന് സ്വപ്നയുടെ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു.
അതിനിടെ, സ്വപ്നയുടെ ശബ്ദരേഖയുടെ പിന്നിലെ നീക്കങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ശബ്ദരേഖ സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ തെളിവാണെന്ന് ആരോപിച്ച് ഷാജ് കിരണ്‍ നല്കിയ പരാതി കേന്ദ്രീകരിച്ചാണ് പ്രത്യേകസംഘത്തിന്റെ അന്വേഷണം. അതേസമയം, ഗൂഢാലോചനക്കേസില്‍ പ്രത്യേകസംഘം തൻ്റെ മൊഴിയെടുത്തെന്ന് സരിത അവകാശപ്പെട്ടെങ്കിലും പൊലീസ് ഇത് നിഷേധിച്ചിട്ടുണ്ട്.