ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം; തിങ്കളാഴ്ച നോട്ടീസ് നല്‍കും
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പോലീസ് ചോദ്യം ചെയ്യും. ഗൂഢാലോചനാക്കുറ്റം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ ചോദ്യം ചെയ്യുക. ഇവര്‍ക്ക് തിങ്കളാഴ്ച നോട്ടീസ് നല്‍കും. ഡിജിപി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ശബ്ദരേഖ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് ഷാജ് കിരണ്‍ പ്രതികരിച്ചിരുന്നു. പുറത്തുവിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണമെന്ന് ഷാജ് ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി ഡിജിപി അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. ഷാജിനും ഇബ്രാഹിമിനും സ്വപ്നയുമായി ഏറെക്കാലത്തെ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഇവരെ കേസില്‍ പ്രതികളാക്കുന്ന കാര്യവും പരിഗണനയിലാണ്. ഇരുവരും തമിഴ്നാട്ടിലേക്ക് പോയതായാണ് വിവരം. സ്വപ്നയുമായി നടത്തിയ കൂടിക്കാഴ്ചയുടെ പൂര്‍ണ്ണ വീഡിയോ പുറത്തുവിടുമെന്ന് ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ ബുധനാഴ്ച റെക്കോര്‍ഡ് ചെയ്ത വീഡിയോ വ്യാഴാഴ്ച ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തുവെന്നും ഇത് വീണ്ടെടുക്കാന്‍ സൃഹൃത്തായ ടെക്നീഷ്യന്റെ സഹായം തേടിയാണ് തമിഴ്നാട്ടിലെത്തിയതെന്നും വീഡിയോ ഉടന്‍ പുറത്തുവിടുമെന്നുമാണ് ഇബ്രാഹിം വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: Swapna Suresh, Gold Smuggling Case, Shaj Kiran, Ibrahim