മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഇന്നും കറുത്ത മാസ്കിന് വിലക്ക്; കനത്ത സുരക്ഷ തുടരും
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കനത്ത സുരക്ഷ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പരിപാടികള്‍. കറുത്ത മാസ്കിനുള്ള വിലക്ക് ഇന്നും തുടരും. തവനൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കറുത്ത മാസ്ക് ധരിച്ച് എത്തിയവരെ പോലീസ് തടഞ്ഞു. ഇവര്‍ക്ക് മഞ്ഞ മാസ്കുകള്‍ വിതരണം ചെയ്തു. തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്. പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തൃശൂര്‍ രാമനിലയത്തില്‍ കനത്ത സുരക്ഷയിലായിരുന്നു ശനിയാഴ്ച മുഖ്യമന്ത്രി തങ്ങിയത്. രാമനിലയത്തിന് മുന്നിലൂടെ കടന്നുപോകുന്ന പാലസ് റോഡ് ശനിയാഴ്ച വൈകിട്ട് 6.45 മുതല്‍ അടച്ചിട്ടു. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ച ശേഷമാണ് നിയന്ത്രണം നീക്കിയത്. കുന്നംകുളത്ത് കരിങ്കൊടി കാട്ടാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുലര്‍ച്ചയോടെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.
ജലപീരങ്കിയുള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് മലപ്പുറത്തും കോഴിക്കോട്ടും ഒരുക്കിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കങ്ങളെന്ന് പോലീസ് പറയുന്നു.
Content Highlights: Chief Minister, Pinarayi Vijayan, Thrissur, Malappuram, Police, Security