മുഖ്യമന്ത്രിക്ക് കുന്നംകുളത്ത് കരിങ്കൊടി; തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം
തൃശൂരില്‍ നിന്ന് മലപ്പുറത്തേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. കുന്നംകുളത്തു വെച്ച് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുന്നംകുളത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.
തവനൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് സമീപം യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടൊണ് സംഘര്‍ഷം ആരംഭിച്ചത്. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയാണ്.
മുഖ്യമന്ത്രി ശനിയാഴ്ച താമസിച്ച തൃശൂരിലെ രാമനിലയത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പാലസ് റോഡിലെ നിയന്ത്രണം 9 മണിക്ക് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചതിന് ശേഷമാണ് നീക്കിയത്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയായിരുന്നു തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.
Content Highlights: Chief Minister, Pinarayi Vijayan, Security, Kerala Police, Youth Congress, Youth League