മുണ്ടുടുത്ത നരേന്ദ്രമോദിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ വന്നതോടെ മുഖ്യമന്ത്രിക്ക് ഭയപ്പാട് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തിയാണ് മുഖ്യന്ത്രി ഈ ഭയത്തെ മറികടക്കുന്നത്.മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ ജനങ്ങൾ ഭയപ്പാടിലേക്ക് നീങ്ങുന്നു. അവരെ പൊലീസ് ബന്ദിയാക്കുന്നു. കറുത്ത മാസ്കും വസ്ത്രവും കുടയുമായുമെത്തുന്നവരെ ആ കാരണം കൊണ്ട് പൊലീസ് കസ്റ്റഡയിലെടുക്കുന്നു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത പുതിയ രീതിയാണിതെന്നും വി ഡി സതീശൻ പരിഹസിച്ചു.
മുണ്ടുടുത്ത നരേന്ദ്രമോദിയാണ് പിണറാ്യി വിജയൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഇതേ അവസ്ഥ തുടരുകയാണെങ്കിൽ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കറുപ്പിനെ ഭയപ്പെടുന്നത്. കേരളത്തിൽ ഒരു നേതാവിന് നേരെ കരിങ്കൊടി വീശുന്നത് ആദ്യമായിട്ടാണോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കണ്ണിലും മനസ്സിലും കറുപ്പാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ് നിലവിൽ കേരളത്തിൽ. ഒൻപതാമത്തെ അവതാരമാണ് ഇതെന്നും അദ്ദേഹം പരിഹസിച്ചു. ബിലീവേഴ്സ് ചർച്ചുമായി അടുത്ത ബന്ധമുള്ളത് സംസ്ഥാന സർക്കാറിനാണ്.
ഷാജ് കിരണിനെ പൊലീസ് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്. തെറ്റായ കാര്യങ്ങളാണ് മൊഴി നൽകിയതെങ്കിൽ സ്വപ്ന സുരേഷിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ചോദിച്ചു. എന്ത് പ്രതിസന്ധികൾ ഉണ്ടായാലും സർക്കാറിനെതിരായ സമരപരിപാടികളിൽ നിന്ന് പിന്നാക്കം പോവില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് ഹിറ്റ്ലറുടെ കേരളമല്ലെന്ന് പിണറായി സർക്കാർ ഓർക്കണമെന്ന് പറഞ്ഞ വി ഡി സതീശൻ യു ഡി എഫിനെ വിരട്ടാൻ നോക്കേണ്ടെന്ന മുന്നറിയിപ്പും നൽകി.
Content Highlights : V D Satheeshan on pinarayi vijayan security