ഐപിഎല്‍ സംപ്രേഷണാവകാശം സ്റ്റാറിനും റിലയന്‍സിനും; വിറ്റുപോയത് 44,075 കോടിക്ക്
ഐപിഎല്‍ സംപ്രേഷണാവകാശം വിറ്റുപോയത് ഇന്ത്യന്‍ കായികചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്ക്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യയിലെ സംപ്രേഷണാവകാശം 44,075 കോടി രൂപയ്ക്കാണ് വിറ്റുപോയത്. രണ്ട് ദിവസം നീണ്ട ലേല നടപടികള്‍ക്കൊടുവില്‍ ഡിസ്നി സ്റ്റാറും റിലയന്‍സ് ഉടമസ്ഥതയിലുള്ള വയാകോം 18നും ആണ് ഐപിഎല്‍ മീഡിയ റൈറ്റ്സ് സ്വന്തമാക്കിയത്.
ഐപിഎല്ലിന്റെ ടെലിവിഷന്‍ അവകാശമാണ് സ്റ്റാര്‍ സ്പോര്‍ട്സ് ഉടമകളായ ഡിസ്നി സ്റ്റാര്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ഡിജിറ്റല്‍ അവകാശമാണ വയാകോം 18 നേടിയത്. 23,575 കോടി മുടക്കിയാണ് ഡിസ്നി സ്റ്റാര്‍ ടെലിവിഷന്‍ അവകാശം നേടിയത്. വയാകോം 18 ഡിജിറ്റല്‍ അവകാശത്തിനായി 20,500 കോടി മുടക്കി. ടെലിവിഷന്‍ 18,130 കോടിയും ഡിജിറ്റലിന് 12,210 കോടി രൂപയുമായിരുന്നു അടിസ്ഥാന വില.
ആമസോണും ഗൂഗിളും ആപ്പിളുമടക്കമുള്ള രാജ്യാന്തര കമ്പനികള്‍ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുളള ഓണ്‍ലൈന്‍ ലേലത്തല്‍ താത്പര്യം അറിയിച്ചിരുന്നു. അവസാന നിമിഷം ആമസോണും ഗൂഗിളും ലേലത്തില്‍ നിന്ന് പിന്മാറിയതോടെ മത്സരം ഡിസ്നി സ്റ്റാറും വയാകോം 18നും തമ്മിലായിരുന്നു. ഇവര്‍ക്ക് പുറമെ ഐപിഎല്ലിന്റെ ആദ്യകാല സംപ്രേഷകരായിരുന്ന സോണിയും ലേലത്തില്‍ പങ്കെടുത്തിരുന്നു.
റെക്കോര്‍ഡ് തുകയ്ക്ക് സംപ്രേഷണാവകാശം വിറ്റുപോയതോടെ മത്സരങ്ങളുടെ മൂല്യത്തിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ടെലിവിഷന്‍ സംപ്രേഷണത്തിന് ഒരു മത്സരത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത് 49 കോടി രൂപയായിരുന്നു. ലേലത്തില്‍ വിറ്റുപോയത് 57.5 കോടി രൂപയ്ക്കാണ്. കഴിഞ്ഞതവണത്തെക്കാള്‍ 17.34% വര്‍ധന. ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിന് ഒരു മത്സരത്തിന്റെ അടിസ്ഥാന വില 33 കോടി രൂപയായിരുന്നു. വയാകോം 18 സ്വന്തമാക്കിയത് 50 കോടി രൂപയ്ക്കാണ്. വര്‍ധന 51.51%.
ഇതോടെ യുഎസിലെ നാഷനല്‍ ഫുട്ബോള്‍ ലീഗ് (എന്‍ എഫ് എല്‍) കഴിഞ്ഞാല്‍ ഏറ്റവുമധികം സംപ്രേഷണമൂല്യമുള്ള ടൂര്‍ണമെന്റായി ഐപിഎല്‍ മാറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ പിന്തള്ളിയാണ് ഐപിഎല്‍ സംപ്രേഷണമൂല്യത്തില് രണ്ടാംസ്ഥാനത്തെത്തിയത്.
Content Highlights: IPL Media Rights, Disney Star Sports, Reliance Viacom 18