രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടി യോഗത്തിൽ ഭിന്നത
തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആർ.എസ്) ആം ആദ്മി പാർട്ടിയും പങ്കെടുക്കില്ല. ഡൽഹിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുന്നത്.
സ്ഥാനാർഥിയായതിന് ശേഷം നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. എന്നാൽ ടി.ആർ.എസ് വിട്ടുനിൽക്കുന്നത് കോൺഗ്രസ് പങ്കെടുക്കുന്നതിനാലാണ്. പ്രതിപക്ഷത്തെ ഒരുമിച്ചുകൂട്ടി വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത ബാനര്‍ജി യോഗം വിളിച്ചത്.
മമത ബാനര്‍ജി ക്ഷണക്കത്തു നല്‍കിയിരുന്നത് 22 കക്ഷികളുടെ നേതാക്കള്‍ക്കാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെയുള്ള ബി.ജെപി ഇതര പാര്‍ട്ടികളോട് യോഗത്തില്‍ പങ്കെടുക്കാനും മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചിരുന്നു.