ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്
സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതകളുടെ സുരക്ഷയും ഗതാഗത സുഗമതയും മുന്‍നിര്‍ത്തി, പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുക്കിയ ഉത്തരവനുസരിച്ച് റൂട്ട് ബസുകള്‍ക്ക് ആറുവരി പാതകളില്‍ പ്രവേശനമില്ല. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസുകളും ഇനിമുതല്‍ ദേശീയപാതയുടെ മെയിന്‍ ക്യാരേജ് ഒഴിവാക്കി സര്‍വീസ് റോഡുകള്‍ വഴിമാത്രമേ സര്‍വീസ് നടത്താവൂ.
എന്നാല്‍, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ഉത്തരവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്, മിന്നല്‍, ഡീലക്സ് തുടങ്ങിയ സൂപ്പര്‍ക്ലാസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് തടസ്സമില്ലാതെ ആറുവരിപ്പാതകള്‍ ഉപയോഗിക്കാം. ഹൈവേകളിലെ വേഗത നിലനിര്‍ത്തുന്നതിനും ലോക്കല്‍ ഗതാഗതം സര്‍വീസ് റോഡുകളിലേക്ക് തിരിച്ചുവിടുന്നതിനുമാണ് ഈ ക്രമീകരണം.
നിയമം ലംഘിച്ച് സാധാരണ റൂട്ട് ബസുകള്‍ ആറുവരി പാതയിലൂടെ സര്‍വീസ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു മുന്നറിയിപ്പ് നല്കി. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും, ഉത്തരവാദികളായ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.













