മകളുടെ ഐടി കമ്പനി ഷാർജയിൽ തുടങ്ങാൻ മുഖ്യമന്ത്രി സഹായം ആവശ്യപ്പെട്ടെന്ന് സ്വപ്ന; ക്ലിഫ് ഹൗസിൽ ചർച്ചനടത്തി
മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായി ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ സത്യവാങ്മൂലം. മകളുടെ ഐടി കമ്പനി ഷാർജയിൽ തുടങ്ങുന്നതിനായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയെന്ന് സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്ന എറണാകുളം കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉള്ളത്.
2017-ൽ ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ അദ്ദേഹവുമായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമൊപ്പം ചർച്ച നടത്തിയെന്ന് സ്വപ്ന ആരോപിച്ചു. ചർച്ചയിൽ മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനി ഷാർജയിൽ തുടങ്ങുന്നതിനായി സഹായം ആവശ്യപ്പെട്ടു. താനും നളിനി നെറ്റോയും ശിവശങ്കറും ചർച്ചയിൽ പങ്കെടുത്തെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
ഷാർജ് ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചിരുന്നെന്ന് സ്വപ്ന ആരോപിച്ചു. രാജകുടുംബാംഗത്തിൻ്റെ എതിർപ്പ് മൂലമാണ് തീരുമാനം നടക്കാതിരുന്നതെന്നും സ്വപ്ന പറയുന്നു.
യുഎഇ കോൺസുലേറ്റിൽ നിന്നും ക്ലിഫ് ഹൗസിലേയ്ക്ക് നിരവധി ബിരിയാണിച്ചെമ്പുകൾ എത്തിച്ചു. നാലുപേർ പിടിച്ചാൽ മാത്രം എടുക്കാൻ കഴിയുന്ന ചെമ്പുകൾ കൊണ്ടുപോയത് മിറ്റ്സുബിഷിയുടെ ആഡംബരക്കാറിലായിരുന്നു. ബിരിയാണിച്ചെമ്പുകൾ എത്തിക്കുന്നതുമായി ബന്ധപ്പെട് ശിവശങ്കറുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ തൻ്റെ ഫോണിലുണ്ടെന്നും സ്വപ്ന അവകാശപ്പെടുന്നു. എൻഐഎ മൊബൈലുകൾ പിടിച്ചെടുത്തെന്നും ഇത് കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
സ്വപ്നയുടെ ആരോപണങ്ങൾ ശരിയാണെങ്കിൽ ഗുരുതരമാണെന്ന് വിഡി സതീശൻ പ്രതികരിച്ചു. തൻ്റെ ആരോപണങ്ങൾ ശരിയായിരുന്നുവെന്നാണിത് തെളിയിക്കുന്നതെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.