പരിഷ്കൃത സമൂഹത്തില്‍ തീവ്രവാദത്തിനും വിഭജനത്തിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് ഉപരാഷ്ട്രപതി
പരിഷ്കൃത സമൂഹത്തില്‍ തീവ്രവാദത്തിനും വിഭജനത്തിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു (M Venkaiah Naidu). ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പിലെ വിദ്യാര്‍ത്ഥികളുമായി ഉപരാഷ്ട്രപതി നിവാസില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാര്‍ അവരുടെ സ്വന്തം സംസ്കാരത്തില്‍ അഭിമാനിക്കുക മാത്രമല്ല, എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ലോകത്തിലെ ഏറ്റവും മതേതര രാജ്യമാണ് ഇന്ത്യ. മതത്തിന്റെ വേര്‍തിരിവില്ലാതെ ആര്‍ക്കും ഭരണഘടനാപരമായ പരമോന്നത സ്ഥാനം വഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും മതത്തെയോ മതപരമായ പ്രതീകങ്ങളെയോ അവഹേളിക്കുന്നതിനെ ഉപരാഷ്ട്രപതി അപലപിച്ചു. ബഹുസ്വരതയിലും എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതിലും വിശ്വസിക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിനെതിരാണ് അത്തരം പ്രവണതകളെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭകളിലെ ചർച്ചകൾ തടസപ്പെടുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തടസ്സപ്പെടുത്തുന്നതിലൂടെയല്ല, മറിച്ച് ചര്‍ച്ചകള്‍, സംവാദങ്ങള്‍, തീരുമാനങ്ങള്‍ എന്നിവയിലൂടെയാണ് നിയമസഭകൾ മുന്നോട്ടു പോകേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തടസ്സങ്ങളിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണോ ദുര്‍ബലപ്പെടുത്തുകയാണോ ചെയ്യുന്നത് എന്ന് പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തണം. നിയമനിര്‍മ്മാണ സഭകളിലെ മോശം പെരുമാറ്റം ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും എന്നാല്‍ ക്രിയാത്മക സംവാദങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു നല്ല നേതാവാകുന്നതിന് ഒരുമിച്ചുള്ള പ്രവര്‍ത്തനം, നല്ല ആശയവിനിമയ ശേഷി, ആളുകളുമായി നിരന്തരമുള്ള ഇടപഴകല്‍ എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.