12,000 കടന്ന് കേസുകള്‍; രാജ്യത്ത് കോവിഡ് നിരക്കില്‍ വന്‍ വര്‍ദ്ധന
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 12,213 കോവിഡ് കേസുകള്‍. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് പ്രതിദിന കേസുകള്‍ 10,000ന് മേല്‍ ഉയരുന്നത്. ഇതോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 53,637 ആയി ഉയര്‍ന്നു. 0.13 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായാതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച 8822 കോവിഡ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസത്തില്‍ 38.4 ശതമാനം വര്‍ദ്ധനയാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്.
2.35 ആണ് പൊസിറ്റിവിറ്റി നിരക്ക്. പ്രതിവാര പൊസിറ്റിവിറ്റി നിരത്ത് 2.38 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 7624 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെയെണ്ണം 4,26,74,712 ആയി. രോഗമുക്തി നിരക്ക് ദേശീയ തലത്തില്‍ 98.65 ശതമാനമാണ്. 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്.
കേരളത്തില്‍ 3419 പേര്‍ക്കാണ് ബുധനാഴ്ച രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളത്ത് 1072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് രോഗികളുടെ എണ്ണം മൂവായിരത്തിനു മേല്‍ ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരിത്തിന് മുകളിലായിരുന്നു പ്രതിദിന കണക്ക്. സംസ്ഥാനത്തു മാത്രം 20,000ന് മേല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്.
Content Highlights: Covid 19, Daily Cases, TPR, Kerala, Maharashtra