വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. മൂന്നാം പ്രതി സുനീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ ഇയാള്‍ പിന്നീട് വിമാനത്താവളത്തില്‍ നിന്ന് കടന്നിരുന്നു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
താന്‍ വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും തന്നെ പോലീസ് തെറ്റായി പ്രതിചേര്‍ത്തതാണെന്നും ഹര്‍ജിയില്‍ സുനീത് കുമാര്‍ പറഞ്ഞു. വ്യക്തിപരമായ ആവശ്യത്തിനാണ് താന്‍ തിരുവനന്തപുരത്ത് പോയതെന്നു ഇയാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കേസില്‍ റിമാന്‍ഡിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്സീന് മജീദും നവീന്‍ കുമാറും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു.
തങ്ങള്‍ക്കെതിരായ വധശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം കോടതി ചോദിച്ചു. ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
Content Highlights: Flight Incident, Youth Congress, High Court, Anticipatory Bail