അഗ്നിപഥ് പ്രതിഷേധം കേരളത്തിലേയ്ക്കും; തിരുവനന്തപുരത്തും കോഴിക്കോടും മാർച്ച്
കേന്ദ്രസർക്കാരിൻ്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് രാജഭവനിലേക്ക് നടക്കുന്ന മാർച്ചിൽ 300ല്‍ അധികം പേര് പങ്കെടുത്തു. ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന, കരസേനയിലേയ്ക്കുള്ള പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നാരംഭിച്ച രാജ്ഭവൻ മാര്‍ച്ചിൽ മുന്നൂറോളം യുവാക്കൾ പങ്കെടുത്തു. “കണ്ടക്റ്റ് ആർമി സി ഇ ഇ” എന്നെഴുതിയ ബാനറിനു പിന്നിൽ അണിനിരന്ന ഉദ്യോഗാർത്ഥികൾ “വീ വാണ്ട് ജസ്റ്റിസ്”, തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് മാര്‍ച്ച് നടത്തിയത്. സൈന്യത്തില്‍ ചേരുന്നതിനായുള്ള മെഡിക്കല്‍ ടെസ്റ്റും, കായികക്ഷമത പരിശോധനയുമെല്ലാം കഴിഞ്ഞവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ടിഒഡി പിൻവലിക്കണമെന്നും സേനയിൽ സ്ഥിര നിയമനം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തൃശൂർ വരെയുള്ള ജില്ലകളിൽനിന്നുള്ള ഉദ്യോഗാര്‍ത്ഥികൾ സമരത്തിൽ പങ്കെടുത്തു.
അതിനിടെ അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ്, 20 ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക് ലി സൂപ്പര്‍ ഫാസ്ററും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.
Content Highlight: Agnipath Protests in Kerala