സ്വപ്ന സ്വർണം കടത്തിയത് ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി; ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയെന്ന് സരിത എസ് നായർ
സ്വപ്ന സുരേഷ് സ്വർണം കടത്തിയത് എല്ലാ ജില്ലകളിലും വിദേശരാജ്യങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന ഒരു ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണെന്ന് സരിത എസ് നായർ. ഇതിനുള്ള തെളിവുകൾ തൻ്റെ കയ്യിലുണ്ടെന്ന് സരിത പറഞ്ഞു. തന്നെ ഇതിലേയ്ക്ക് വലിച്ചിഴച്ചതെന്തിനെന്ന് തനിക്കറിയണമെന്ന് സരിത പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.
സ്വപ്ന 29 പ്രാവശ്യം സ്വർണം കടത്തിയിട്ടുണ്ടെന്ന് പറയുന്നു. അതിൽ ഒരുതവണ മാത്രമാണ് അവർ പിടിക്കപ്പെട്ടത്. അതിന് മുൻപ് അവർ കടത്തിയ സ്വർണമെല്ലാം ആർക്കാണ് കൊടുത്തതെന്ന് അവർക്കറിയാമെന്ന് സരിത ആരോപിച്ചു. ആ ജ്വല്ലറിയുടെ പേർ സ്വപ്ന പറഞ്ഞാൽ അവർ തീർച്ചയായും സംരക്ഷിക്കപ്പെടുമെന്നും സരിത പറഞ്ഞു.
ഈ ജ്വല്ലറി തിരുവനന്തപുരത്തോ കോട്ടയത്തോ ഉള്ളവരായിരിക്കാം. അവർക്കുവേണ്ടി നിൽക്കുന്ന സീരിയൽ നടിമാരുടെ പേര് സ്വപ്ന പറയട്ടെ. ഈ ജ്വല്ലറി ഏതാണെന്ന് തനിക്കറിയാമെന്നും അതിൻ്റെ തെളിവ് തൻ്റെ കയ്യിലുണ്ടെന്നും സ്വപ്ന പറയുന്നു. ഇതുസംബന്ധിച്ച് താൻ കോടതിയിൽ രഹസ്യമൊഴി നൽകുമെന്നും സരിത പറഞ്ഞു.
സ്വപ്ന ജയിലിൽ എല്ലാ ഉദ്യോഗസ്ഥരുമായിട്ടും നല്ല ബന്ധത്തിലായിരുന്നു. അവർക്ക് ഒരുതരത്തിലുള്ള ഹരാസ്മെൻ്റും നേരിടേണ്ടിവന്നിട്ടില്ല. എന്നിട്ടും അവർ പുറത്തിറങ്ങി ജയിലിൽ ബുദ്ധിമുട്ടുണ്ടായെന്ന് ആരോപിച്ചു. തൻ്റെ പേരും ഇവർ വലിച്ചിഴച്ചെന്ന് സരിത പറയുന്നു. സ്വപ്ന സുരേഷ് ജയിലിൽ വെച്ച് തന്നോട് പുറത്ത് പറയാനാകാത്ത പലതും പങ്കുവെച്ചിട്ടുണ്ടെന്ന് സരിത എസ് നായർ. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് അന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്നും സരിത ആരോപിച്ചു.
സ്വപ്നയുടെ കയ്യിൽ തെളിവുകളൊന്നുമില്ല. ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണ്. തന്നെ ഈ കേസിലേയ്ക്ക് വലിച്ചിഴച്ചത് പിസി ജോർജാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ, മുൻമന്ത്രി കെ.ടി ജലീൽ, എം ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കെതിരായ ആരോപണങ്ങളടങ്ങിയ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സരിതയുടെ ആവശ്യം നിരസിച്ചത്. ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസിക്ക് മാത്രമേ നൽനാകൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യമൊഴി നൽകാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയാണ് കോടതി. അതേസമയം, ഇതേ ആവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സരിത എസ് നായർ വ്യക്തമാക്കി.