സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ അഗ്നിവീരന്മാര്ക്ക് ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ജോലി ലഭിക്കും; വിവാദ പരാമര്‍ശങ്ങളുമായി ബിജെപി നേതാക്കള്‍
അഗ്നിപഥ് പദ്ധതിയനുസരിച്ച് സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിജെപി ഓഫീസുകളില്‍ സുരക്ഷാ ജീവനക്കാരായി ജോലി ലഭിക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവാര്‍ഗിയ. അഗ്നിപഥ് പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ പരാമര്‍ശം. നാലു വര്‍ഷത്തെ സര്‍വീസിന് ശേഷം പിരിയുമ്പോള്‍ അവര്‍ക്ക് അഗ്നിവീര്‍ പദവിയും 11 ലക്ഷം രൂപയും ലഭിക്കും. ബിജെപി ഓഫീസിന്റെ സുരക്ഷയ്ക്ക് കൂലിക്ക് ആളെയെടുക്കണമെങ്കില് താന്‍ അഗ്നിവീരര്‍ക്ക് മുന്‍ഗണന കൊടുക്കുമെന്ന് വിജയവാര്‍ഗിയ പറഞ്ഞത് വിവാദമായിരിക്കുകയാണ്.
പരാമര്‍ശത്തിനെതിരെ ശിവസേനയും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തി. രാജ്യത്തെ സൈനികരെയും യുവാക്കളെയും അവഹേളിക്കരുതെന്ന് അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദിയും പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ത്തു നല്‍കുന്നതാണ് ബിജെപി ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
അഗ്നിപഥ് പദ്ധതിയില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ഡ്രൈവര്‍, ഇലക്ട്രീഷ്യന്, ബാര്‍ബര്‍, അലക്കുകാരന് തുടങ്ങിയ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞതും വിവാദമായിരിക്കുകയാണ്. അഗ്നിവീരന്മാര്ക്ക് ഭാവിയില്‍ ഇത് ഉപകാരമായിരിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
Content Highlights: BJP, Agnipath, Agniveer, Kailash Vijayavargiya