പതിനാറ് വയസ് പൂര്‍ത്തിയായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി
പതിനാറു വയസ് പൂര്‍ത്തിയായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് യുവ ദമ്പതികള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പത്താന്‍കോട്ട് സ്വദേശികളായ 21കാരനും ഭാര്യയാ 16കാരിയുമാണ് പരാതിക്കാര്‍. ശരിയ നിയമം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം മുസ്ലീം വ്യക്തിനിയമം അനുസരിച്ചാണെന്ന് കോടതി വ്യക്തമാക്കി.
ശരിയ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 195 അനുസരിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം 16 വയസാണ്. ഈ കേസില്‍ പുരുഷന് 21 വയസ് പ്രായമുണ്ട്. ഇരുവരും വിവാഹിതരാകാവുന്ന പ്രായത്തിലുള്ളവവരായതിനാല് വ്യക്തിനിയമം അനുസരിച്ച് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ളവരാണെന്ന് കോടതി നിരീക്ഷിച്ചു. കുടുംബാംഗങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചുവെന്നത് ഭരണഘടന നല്കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണമാകരുതെന്നും കോടതി പറഞ്ഞു.
പരാതിക്കാരുടെ ഭയം പരിഗണിക്കപ്പെടേണ്ടതാണെന്നും അതിനു നേരെ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദമ്പതികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ പത്താന്‍കോട്ട് പോലീസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്കി.
Content Highlights: Muslim, Marriage, High Court, Punjab-Haryana