സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് സ്വപ്ന; പ്രധാനമന്ത്രിക്ക് കത്തയച്ചു
സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന. ഇക്കാര്യം ആവശ്യപ്പെട്ട് സ്വപ്ന പ്രധാനന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ബന്ധുക്കള്‍ക്കും കേസില്‍ പങ്കുണ്ടെന്നും തനിക്ക് പ്രധാനമന്ത്രിയെ നേരിട്ടു കാണണമെന്നും കത്തില്‍ പറയുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് സ്വര്‍ണ്ണക്കടത്ത്. സ്വര്‍ണ്ണക്കടത്തില്‍ പ്രധാന പങ്കുവചിച്ചത് ശിവശങ്കറാണ്. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം ദ്രോഹിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സ്വപ്ന ആവശ്യപ്പെടുന്നു.
കസ്റ്റംസിന് സ്വപ്നയും സരിത്തും നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന സിജെഎം കോടതിയെ സമീപിച്ചിരുന്നു. കോടതി ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതു കൂടി പരിശോധിച്ച ശേഷം സ്വപ്നയുടെ മൊഴിയെടുക്കാനാണ് ഇ ഡി പദ്ധതി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സ്വപ്നയ്ക്ക് ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ബുധനാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞയാഴ്ച സ്വപ്ന നല്കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റിന് കോടതി കൈമാറിയിട്ടുണ്ട്. ഇതിനിടെ തനിക്കെതിരായ ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Content Highlights: Swapna Suresh, Prime Minister, Narendra Modi, Letter, Gold Smuggling Case