ജാനകിക്കാട്ടിലെ നൂറുവർഷം പഴക്കമുള്ള കിണർ അജ്ഞാതർ വൃത്തിയാക്കി; നിധി തേടിയെന്ന് സംശയം
കോഴിക്കോട് ജില്ലയിലെ ജാനകിക്കാടിനുള്ളിലുള്ള അതിപുരാതനമായ കിണർ ചില അജ്ഞാതർ വൃത്തിയാക്കിയതിനെ സംബന്ധിച്ച ദുരൂഹത തുടരുന്നു. കാട്ടിനുള്ളില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തെ കിണറില്‍നിന്ന് മണ്ണും ചെളിയും കോരിക്കളഞ്ഞ് കിണർ വൃത്തിയാക്കിയതാണ് ഉത്തരം സംശയത്തിനിടയാക്കിയത്.
ഏതാനും ദിവസം മുന്‍പാണു കിണറിലെ മണ്ണ് കോരിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുഴിക്കാനായി ഉപയോഗിച്ച പണിയായുധങ്ങളും തോര്‍ത്തും കിണറിന് സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിധിതേടിയെത്തിയവർ ചെയ്തതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം.
കുറ്റ്യാടിക്കടുത്തുള്ള മരുതോങ്കര പഞ്ചായത്തില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള ജാനകിക്കാട്ടിലാണ് നൂറു വര്‍ഷം പഴക്കമുള്ള ഈ കിണര്‍ സ്ഥിതിചെയ്യുന്നത്. 500 വര്‍ഷം പഴക്കമുള്ള മരതോങ്കര തൃക്കൈപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് ഏതാണ്ട് 200 മീറ്റര്‍ മാത്രം അകലെയാണ് ഈ കിണര്‍. ക്ഷേത്രത്തിൽ നേരത്തെ നടന്ന ഒരു താംബൂലപ്രശ്നത്തില്‍ സമീപത്തെ കിണറ്റില്‍ നിധിയുണ്ടെന്നു പ്രവചിച്ചിരുന്നു. ഈ നിധി ലക്ഷ്യം വച്ചാണോ കിണറിലെ മണ്ണ് നീക്കിയതെന്നാണ് നാട്ടുകാരുടെ സംശയം.
കാടിനു നടുവിലായി പെട്ടെന്ന് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തുള്ള കിണര്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അടിത്തട്ടോളം കല്ല് ഉപയോഗിച്ച് കെട്ടിയ കിണര്‍ കാലപ്പഴക്കമൂലം മണ്ണിടിഞ്ഞും മാലിന്യം നിറഞ്ഞും പകുതിയിലേറെയും മൂടിയനിലയിലായിരുന്നു. ആദ്യ രണ്ടു പടവുകള്‍ മാത്രമാണു നോക്കിയാല്‍ കാണാമായിരുന്നത്. മരങ്ങളും വള്ളികളും പന്തലിച്ചിരിക്കുന്ന ഈ ഭാഗത്ത് എത്തിപ്പെടുക അത്ര എളുപ്പമല്ല.
കോഴിക്കോട് നഗരത്തില്‍നിന്ന് 55 കിലോ മീറ്റര്‍ അകലെ കുറ്റ്യാടിക്ക് അടുത്തായാണു ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മരുതോങ്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജാനകിക്കാട് പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണ്.