നടിയെ ആക്രമിച്ച കേസ്: നടന് സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി എഴുതിയ ഒരു കത്തിനെക്കുറിച്ചായിരുന്നു ചോദ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ.
തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിന് കൊടുക്കാനായി ജയിലില്‍ നിന്നും എഴുതിയ രണ്ടാമത്തെ കത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും സിദ്ദിഖിനെ കേസുമായി ബന്ധപ്പെടുത്തുന്ന ചില സൂചനകൾ ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
പള്‍സര്‍ സുനിയുടെ കത്തില്‍ നിന്നും ദിലീപിനെ ഫോണില്‍ വിളിച്ചതിൻ്റെ ചില വിവരങ്ങള്‍, സിദ്ദിഖിനെ കേസുമായി ബന്ധപ്പെടുത്തുന്ന ചില കാര്യങ്ങള്‍ എന്നിവയുടെ സൂചന ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കൂടാതെ, ദിലീപിന്റെ സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോ. ഹൈദരാലിയെയും അന്വേഷണം സംഘം ചോദ്യം ചെയ്തു.
പ്രോസിക്യൂഷന് സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
Content Highlights – Actress assault case, Actor Siddique questioned by crime branch