വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; ‘ഹോം പിക്ക്-അപ്പ്’ സേവനവുമായി കൊച്ചി വിമാനത്താവളം
വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കമിടാനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. പദ്ധതിയുടെ പ്രായോഗികത പരിശോധിക്കുന്നതിനായി ഏജന്‍സിയെ ചുമതലപ്പെടുത്തുകയും പ്രാഥമിക പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തതായി സിയാല്‍ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ ഏജന്‍സി ജീവനക്കാര്‍ യാത്രക്കാരുടെ വീടുകളില്‍ നേരിട്ടെത്തി ലഗേജുകള്‍ ശേഖരിക്കും. ഇവ വെയര്‍ഹൗസുകളിലേക്ക് മാറ്റിയ ശേഷം വിമാനത്താവള ടെര്‍മിനലിന് പുറത്തുള്ള പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് യാത്രക്കാരനില്ലാതെ ലഗേജ് ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍, യാത്രക്കാര്‍ ഈ കേന്ദ്രത്തിലെത്തി ലഗേജ് വാങ്ങി സ്വന്തമായി ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകണം. വീടുകളില്‍ നിന്ന് ശേഖരിക്കുന്നത് മുതല്‍ വിമാനത്താവളത്തിലെത്തുന്നത് വരെ ലഗേജുകളുടെ നീക്കം ഡിജിറ്റലായി ട്രാക്ക് ചെയ്യാനാകും.
കൂടുതല്‍ ലഗേജുകളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഈ സേവനം ആശ്വാസകരമാകും. വിമാനത്താവളത്തില്‍ നിന്ന് 200 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള എറണാകുളത്തിന് പുറത്തുള്ള ജില്ലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പുറത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്ക് തങ്ങളുടെ ലഗേജ് ടെര്‍മിനലിന് പുറത്ത് വെച്ച് ഏജന്‍സിയെ ഏല്‍പ്പിക്കാനും, അവ തങ്ങളുടെ വീടുകളിലേക്ക് എത്തിക്കാനും സാധിക്കും.
ലഗേജിന്റെ ഭാരവും ദൂരവും കണക്കാക്കിയായിരിക്കും സേവന നിരക്കുകള്‍ നിശ്ചയിക്കുക. വെബ്സൈറ്റ് വഴിയാകും ബുക്കിങ് സൗകര്യം ലഭ്യമാക്കുക.













