പ്രതിഷേധം നടന്ന വിമാനത്തില്‍ സിസിടിവി ഉണ്ടോയെന്ന് ഹൈക്കോടതി; ഇല്ലെന്ന് ഡിജിപി
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച വിമാനത്തില്‍ സിസിടിവി ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ച് ഹൈക്കോടതി. കേസില്‍ റിമാന്‍ഡിലായവരുടെ ജാമ്യഹര്‍ജിയും മൂന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ ചോദ്യം ഉന്നയിച്ചത്. ചെറുവിമാനം ആയിരുന്നതിനാല്‍ സിസിടിവി ഉണ്ടായിരുന്നില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയില്‍ മറുപടി നല്കി.
വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് ഡിജിപി വാദിച്ചത്. ഇത് സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ രേഖകളും സാക്ഷിമൊഴികളും ഉണ്ടെന്നും ഡിജിപി വ്യക്തമാക്കി. ഇതോടെയാണ് സിസിടിവി ദൃശ്യങ്ങളുണ്ടോയെന്ന ചോദ്യം കോടതി ഉന്നയിച്ചത്. സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ അവ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും അവരെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് പറഞ്ഞു. അതേസമയം ഇ പി ജയരാജന്റെ ആക്രമണത്തില്‍ തങ്ങള്‍ക്കാണ് കാര്യമായ പരിക്ക് പറ്റിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
Content Highlights: Flight Incident, CCTV, CM, Indigo, Youth Congress, High Court