സൂര്യനെ ആരാധിക്കുന്നത് അനിസ്ലാമികം; മാലി ദ്വീപിലെ ഇന്ത്യൻ എംബസിയുടെ യോഗദിന പരിപാടിയ്ക്ക് നേരേ ആക്രമണം
അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് സംഘടിപ്പിച്ച യോഗ പരിപാടിയ്ക്ക് നേരേ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. രാജ്യ തലസ്ഥാനമായ മാലെയിലെ ഗലോലു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിക്കിടെയാണ് 150ലേറെ പേർ ഇരച്ചുകയറി ആക്രമണം നടത്തിയത്. യോഗ സൂര്യനെ ആരാധിക്കുന്ന അനിസ്ലാമികമായ ആചാരമാണെന്നാരോപിച്ചായിരുന്നു ആക്രമണം.
അക്രമികൾ യോഗദിനാചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നവരെ വിരട്ടിയോടിച്ചെന്നും വേദിയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സംഘാടകന്‍ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
അക്രമികളെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകവും പെപ്പർ സ്പ്രേയും പ്രയോഗിച്ചതായി പൊലീസ് സൂപ്രണ്ട് ഫാത്മത് നഷ്വ റോയിട്ടേഴ്സിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹം അറിയിച്ചു.
കേസില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലി പറഞ്ഞു. ‘അത്യന്തം ഗൗരവത്തോടെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ടവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിക്കും,’ സോലി ട്വീറ്റ് ചെയ്തു.
കേന്ദ്ര യുവജന, കായിക ക്ഷേമ മന്ത്രാലയവും മാലിയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് മുന്‍പ് യോഗ അനിസ്ലാമികമാണെന്നും സൂര്യ ആരാധനയാണെന്നും ആരോപിച്ച് ഒരു വിഭാഗമാളുകള്‍ മാലെയില്‍ പ്രതിഷേധം നടത്തിയിരുന്നു. അഞ്ച് ലക്ഷത്തോളമാണ് മാലിദ്വീപുകളിലെ ജനസംഖ്യ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ സമൂഹമായ മാലിയില്‍ ഇസ്ലാമാണ് ദേശീയ മതം.