കെഎൻഎ ഖാദർ ദേശീയവീക്ഷണമുള്ള വ്യക്തി; ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം അദ്ദേഹത്തിനുണ്ടാകില്ലെന്ന് ആർഎസ്എസ് സഹ പ്രചാര്‍ പ്രമുഖ്
ലീഗ് നേതാവ് കെഎന്‍എ ഖാദറിനെ ആർഎസ്എസ് പരിപാടിയ്ക്ക് ക്ഷണിച്ചത് ദേശീയവീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍ആര്‍ മധു. താന്‍ തന്നെ നേരിട്ട് ക്ഷണിച്ചിട്ടാണ് ഖാദർ എത്തിയതെന്നും ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം അദ്ദേഹത്തിനുണ്ടാകില്ലെന്നും മധു പറഞ്ഞു. ട്വൻ്റിഫോർ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മാനവിക പക്ഷത്തു നിലയുറപ്പിച്ച ദേശസ്നേഹിയാണ് കെഎന്‍എ.ഖാദറെന്നും ഡോ. എന്‍ആര്‍ മധു പറഞ്ഞു. മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെഎന്‍എ ഖാദറിന് ഉണ്ടാകില്ല. ലീഗിന്റെ രാഷ്ട്രീയത്തില്‍ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുസ്ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ ലീഗ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എംകെ മുനീര്‍ തുറന്നടിച്ചിരുന്നു. പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് മുനീർ ആരോപിച്ചു.
കോഴിക്കോട് കേസരിയില്‍ സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. അദ്ദേഹത്തെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ചെയ്തു. എന്നാൽ, സംഭവം വിവാദമായതോടെ സാംസ്കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും, മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെ.എന്‍.എ.ഖാദര്‍ രംഗത്തെത്തിയിരുന്നു.
കെഎന്‍എ ഖാദര്‍ കുറച്ച് കാലമായി ലീഗ് നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പുതിയനീക്കം രാഷ്ട്രീയമായ ചുവടുമാറ്റത്തിൻ്റേതാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.