നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ; സ്വർണക്കടത്തിൽ ഉത്തരംമുട്ടിക്കാൻ പ്രതിപക്ഷം; ഗൂഢാലോചന മുൻനിർത്തി പ്രതിരോധിക്കാൻ എൽ ഡി എഫ്
നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ തുടങ്ങും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ സര്‍ക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. സമ്മേളനത്തിന് മുന്നോടിയായി നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങളിൽ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ ഏറെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ടതാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചനയിൽ നടക്കുന്ന അന്വേഷണം മുൻനിർത്തി പ്രതിപക്ഷത്തെ പ്രതിരോധിക്കാനായിരിക്കും സർക്കാറിന്റെ നീക്കം.
തൃക്കാക്കരയിലെ മിന്നുന്ന ജയത്തിൻ്റെ ആവേശത്തിലാണ് പ്രതിപക്ഷം ഇത്തവണ നിയമസഭയിലേക്ക് എത്തുന്നത്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ആദ്യമായി നടന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായതിൻ്റെ ആശ്വാസം പ്രതിപക്ഷ നിരയിൽ കാണാനാകും. എന്നാൽ കെ-റെയിൽ അടക്കമുള്ള വിഷയങ്ങളിൽ വലിയ പ്രചാരണം നടത്തിയിട്ടും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിൽ എൽ ഡി എഫിന് നിരാശയുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴിയും വെളിപ്പെടുത്തലും സർക്കാരിന് തലവേദനയാകും. വരാനിരിക്കുന്ന ഭരണ-പ്രതിപക്ഷ പോരിൻ്റെ സൂചനകളാണ് നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന ചോദ്യങ്ങൾ തെളിയിക്കുന്നത്. പ്രതിപക്ഷത്തിൻറെ ചോദ്യങ്ങളേറെയും ഇത്തവണ മുഖ്യമന്ത്രിക്ക് നേരെയാണ്. 2016-ൽ മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ ആരോപണം, സ്വർണ്ണക്കടത്ത് കേസിലെ ഒരു പ്രതിയെ പാലക്കാട് നിന്ന് വിജിലൻസ് പിടികൂടിയത്, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ആക്രമിച്ചതായുള്ള പരാതി എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരവും ഈ സമ്മേളന കാലത്തുണ്ടാവും.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ രഹസ്യമൊഴിയിലെ ഗൂഡാലോചന മുൻനിർത്തി നേരിടുന്ന ഇടത് പ്രതിരോധം സഭയിലും ആവർത്തിക്കുമെന്ന് തെളിയിക്കുന്നതാണ് ഭരണപക്ഷത്ത് നിന്നുള്ള ചോദ്യങ്ങൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഡാലോചന, മൊഴിക്ക് പിന്നാലെ സംഘടനകൾ അക്രമസമരത്തിനും കലാപത്തിനും ശ്രമിച്ചിരുന്നോ ?, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ഇതിൻറെ ഭാഗമാണോ എന്നിങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ചോദ്യങ്ങൾ.
Content Highlights – Legislative Assembly, Starting on Monday, Kerala Government