അനിത നിയമസഭയില്‍ എത്തിയത് പാസില്ലാതെ; നാല് ജീവനക്കാര്‍ക്കെതിരെ നടപടി
ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് വിവാദ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തിൽ നാല് കരാർ ജീവനക്കാർക്കെതിരെ നടപടി. ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. അനിത പുല്ലയിലിന് ഓപ്പൺ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അതുപയോഗിച്ച് എങ്ങനെയാണ് നിയമസഭാ മന്ദിരത്തിൽ പ്രവേശിച്ചത് എന്നാണ് പരിശോധിച്ചത്.
സഭാ ടി വിയുടെ സാങ്കേതിക സഹായം ചെയ്യുന്ന ഏജൻസിയുടെ ജീവനക്കാരിക്കൊപ്പമാണ് അനിത നിയമ സഭാ മന്ദിരത്തിനകത്തേക്ക് കയറിയത്. ജീവനക്കാർക്കോ മറ്റാർക്കെങ്കിലുമോ ഇക്കാര്യത്തിൽ പങ്കില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് വലിയ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കർ നിയമസഭാ ചീഫ് മാർഷലിനെ ചുമതലപ്പെടുത്തിയത്. അനിത നിയമസഭാ മന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സഭാ ടി വിക്ക് ഓ ടി ടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നൽകിയതെന്നാണ് വിവരം.
പ്രധാന ഗെയിറ്റ് കടന്ന് അനിത എത്തിയത് പാസ് ഉപയോഗിച്ചാണ് എന്നായിരുന്നു വാച് ആന്റ് വാർഡിന്റെ മൊഴി. ലോക കേരളസഭയുടെ ഭാഗമായുള്ള ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചതെന്നും മൊഴിയുണ്ട്. ഇത് എങ്ങനെ അനിതക്ക് കിട്ടിയെന്ന കാര്യത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
ക്ഷണക്കത്ത് നോർക്ക് വിവിധ പ്രവാസി സംഘടനകൾക്ക് നൽകിയിരുന്നു. ഈ സംഘടനകൾ വഴിയായിരിക്കാം അനിതക്ക് കത്ത് ലഭിച്ചത്. പരിപാടി നടന്ന രണ്ട് ദിവസവും അനിത അവിടെ എത്തിയതിനെ ഗൌരവത്തോടെയാണ് നിയമസഭാ സെക്രട്ടേറിയേറ്റ് കാണുന്നത്. രണ്ട് ദിവസം വന്നതിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടെന്നണ് വിലയിരുത്തൽ . മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷം മാത്രമാണ് ഇവിടെ പരിപാടിയിൽ നിന്ന് മാറ്റിയത്.
Content Highlights – Incident where controversial mediator Anitha Pullayil entered Loka Kerala Sabha